പ്രതിയുടെ വീട്ടിൽ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
text_fieldsകടക്കൽ: വാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോണും സ്വർണവും മോഷണം പോയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.
ചടയമംഗലം എക്സെസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ കാറ്റാടിമൂട് ശ്രീജാഭവനിൽ ഷൈജു (36) ആണ് ചിതറ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷ്ടിച്ച മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് ഏകദേശം ഒരു വർഷത്തിന് ശേഷം എക്സൈസ് ഉദ്യോഗസ്ഥന് കുരുക്കായത്. ചിതറ മാങ്കോട് തെറ്റിമുക്കിൽ അൻസാരി മൻസിലിൽ അൻസാരിയുടെ വീട്ടിൽ നടന്ന മോഷണത്തിലാണ് അറസ്റ്റ്. അൻസാരിയുടെ വീട്ടിൽ വാറ്റ് കണ്ടെത്താനാണ് ഷൈജു ഉൾപ്പെടെ ആറംഗ എക്സൈസ് സംഘം എത്തിയത്. വാറ്റ് ഉപകരണങ്ങളടക്കം കസ്റ്റഡിയിലെടുത്ത് അൻസാരിയെ അറസ്റ്റ് ചെയ്തു. ഭാര്യയുമായി പിണക്കത്തിലായിരുന്ന അൻസാരി തനിച്ചായിരുന്നു താമസം. കസ്റ്റഡിയിലെടുത്തപ്പോൾ വീട് പൂട്ടി താക്കോൽ അയൽവാസിയെ ഏൽപ്പിച്ചിരുന്നു.
റിമാൻഡിലായ ഇയാൾ ഒരു മാസത്തിനപ്പുറം വീട്ടിലെത്തിപ്പോൾ മെത്തയുടെ അടിയിൽ സൂക്ഷിച്ചിരുന്ന അഞ്ചുപവൻ സ്വർണ മാലയും പത്ത് ഗ്രാം തൂക്കം വരുന്ന ലോക്കറ്റും ഒരു ടോർച്ച് ലൈറ്റും മൊബൈൽ ഫോണും ഉൾപ്പെടെ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചിതറ പൊലീസിൽ പരാതി നൽകി. അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ കൊട്ടാരക്കര റൂറൽ എസ്.പിക്ക് പരാതി നൽകി.
പൊലീസ് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് നൽകി. പൊലീസ് ശരിയായി അന്വേഷണം നടത്തിയിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടതോടെയാണ് കേസിൽ വഴിത്തിരിവായത്.
അറസ്റ്റ് ചെയ്തപ്പോൾ അൻസാരിയുടെ നിർദേശ പ്രകാരം സുഹൃത്തായ സക്കീറിനെയാണ് വീടിന്റെ താക്കോൽ ഏൽപ്പിച്ചത്. ജയിലിൽ അൻസാരിയെ കാണാൻ ഇടക്ക് എത്തിയ സുഹൃത്തുക്കളായ സക്കീറും നസീറും നസീറിന്റെ മകളുടെ വിവാഹത്തിന് വീട് തുറന്ന് ഉപയോഗിക്കട്ടെ എന്ന് ചോദിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. എന്നാൽ, ജനുവരി 12ന് അൻസാരി വീട്ടിലെത്തുമ്പോൾ വീട് തുറന്ന് ഉപയോഗിച്ച നിലയിലായിരുന്നു. മോഷണം നടന്നതായി മനസിലായതോടെ സക്കീറിനോട് കാര്യം തിരക്കിയെങ്കിലും ഒന്നും കണ്ടില്ല എന്നായിരുന്നു മറുപടി. ചടയമംഗലം എക്സൈസ് ഓഫിസിൽ പരാതി പറഞ്ഞപ്പോഴും അറിയില്ല എന്ന് പറഞ്ഞുവിട്ടു.
നസീറിന്റെ മകളുടെ വിവാഹത്തിന് സ്വർണം ഇടപാട് നടന്നത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് നഷ്ടമായ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് എക്സൈസ് ഉദ്യോഗസ്ഥനിലേക്ക് നയിച്ചത്.
അൻസാരിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഷൈജു ഉപയോഗിക്കുന്നത് കണ്ടെത്തിയതോടെ പ്രതിയെ തിരിച്ചറിഞ്ഞ് ചിതറ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.