വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു; ബൈക്ക് ഭാഗികമായി കത്തി
text_fieldsപെരുമ്പാവൂര്‍: ഗൃഹനാഥന് ഉറങ്ങവെ വീട്ടിലേക്ക് അജ്ഞാതര്‍ സ്ഫോടകവസ്തു എറിഞ്ഞു. പോഞ്ഞാശ്ശേരി ചെമ്പാരത്തുകുന്ന് മുസ്ലിം പള്ളിക്ക് സമീപം എലവുംകുടി വീട്ടില്‍ സുധീര്‍ വാടകക്ക് താമസിക്കുന്ന വീട്ടിലേക്കാണ് തോട്ട എറിഞ്ഞത്. വീടിന്റെ മുറ്റത്തുവെച്ചിരുന്ന സുധീറിന്റെ ബുള്ളറ്റ് ഭാഗികമായി കത്തിനശിച്ചു. മുന്‍ഭാഗത്തെ ജനല്‍ ചില്ലുകളും കിണര്‍ മൂടിയിരുന്ന ഇരുമ്പ് കവചവും തകര്‍ന്നു. സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ വീടിന്റെ പരിസരത്ത് ചിതറി കിടക്കുന്നതായി സുധീര്‍ പറഞ്ഞു. വീടിന്റെ വരാന്തയില്‍ മുളകുപൊടി വിതറിയിട്ടുണ്ട്. സുധീര്‍ സി.പി.എം ബ്രാഞ്ച് അംഗവും വെങ്ങോല സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. ഞായറാഴ്ച പുലര്‍ച്ച 3.30നാണ് സംഭവം. ശബ്ദംകേട്ട് സുധീര്‍ പുറത്തിറങ്ങുകയായിരുന്നു. വീട്ടില്‍ ഇയാള്‍ തനിച്ചായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മുളക് പൊടി വിതറിയിരിക്കുന്നതുകൊണ്ട് പൊലീസ് നായക്ക് മണംപിടിക്കാനായില്ല. സ്ഫോടക വസ്തുവാണോ മണ്ണെണ്ണ പോലെ ദ്രാവകം ഉപയോഗിച്ചാണോ ബൈക്ക് അഗ്നിക്കിരയാക്കിയതെന്ന് പരിശോധിച്ചുവരുന്നതായും അന്വേഷണം നടക്കുകയാണെന്നും പെരുമ്പാവൂര്‍ സി.ഐ ആര്. രജ്ഞിത് അറിയിച്ചു. പ്രദേശത്ത് സമാന സംഭവങ്ങള്‍ ഇതിനുമുമ്പും നടന്നിട്ടുണ്ട്.
ആറുവര്‍ഷം മുമ്പ് ചെമ്പാരത്തുകുന്ന് എല്‍.പി സ്കൂളില്‍ തോട്ട പൊട്ടിച്ചതും പള്ളിയുടെ മുന്‍ പ്രസിഡന്റിനെ വീട്ടില്‍ വൈദ്യുതി പ്രഹരിപ്പിച്ച് വകവരുത്താന്‍ ശ്രമിച്ചതും കിണറില്‍ വിഷംകലക്കി വീട്ടുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതുമായ കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ഈ സംഭവങ്ങളിലൊന്നും പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.