പരസ്യം നൽകിയവരെ ഫോണിൽ വിളിച്ച് പണം തട്ടുന്നയാൾ പിടിയിൽ
text_fieldsമൂവാറ്റുപുഴ: മാധ്യമങ്ങളിൽ സ്ഥലം വിൽപനക്ക് പരസ്യം നൽകുന്നവരെ ഫോണിൽ വിളിച്ച് സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്നയാൾ പൊലീസ് പിടിയിൽ. കോട്ടയം വാഴൂർ ഇളക്കുന്നേൽ വാടകക്ക് താമസിക്കുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി തട്ടാംപറമ്പിൽ വീട്ടിൽ മണിയെയാണ് (68) മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ആലുവ സ്വദേശിയുടെ 15 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. സ്ഥലം വിൽപനക്ക് എന്ന് പരസ്യം നൽകിയ പരാതിക്കാരനെ ഫോണിൽ വിളിച്ച് ജോഷി എന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചു. സിനിമാമേഖലയിൽ ബന്ധമുണ്ടെന്നും വിശ്വസിപ്പിച്ചു. തന്റെ പക്കൽ പലരുടെയും കള്ളപ്പണം ഉണ്ടെന്നും വിശ്വസിപ്പിച്ചിരുന്നു. കുറഞ്ഞ പലിശക്ക് പണം വാഗ്ദാനം നൽകി സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡമ്മി നോട്ടുകൾ മൂവാറ്റുപുഴയിൽ വെച്ച് കൈമാറി തട്ടിപ്പ് നടത്തിയ സംഘത്തിലെയും അംഗമാണ് മണി. ജോഷി എന്ന വ്യാജപേരിലാണ് പ്രതി ഇരകളെ ബന്ധപ്പെട്ടിരുന്നത്. നാഗമാണിക്യം, ഇരുതലമൂരി, പല്ലെനിയം, ഇറിഡിയം എന്നിങ്ങനെ വിവിധ തട്ടിപ്പുകൾ നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. 10 ലക്ഷം രൂപ ഇയാൾക്ക് അഡ്വാൻസായി നൽകിയാൽ കള്ളപ്പണത്തിൽനിന്ന് 20 ലക്ഷം രൂപ നൽകുമെന്നും ബിസിനസ് നടത്തി ലാഭം കിട്ടിയശേഷം ബാക്കി 10 ലക്ഷം തിരികെ കൊടുത്താൽ മതിയെന്നുമാണ് ഒരു വാഗ്ദാനം. ഒരു ഇടപാടിന് ഒരു സിം കാർഡ് ആണ് പ്രതി ഉപയോഗിച്ചിരുന്നത്. അതിന് ശേഷം ആ സിം കാർഡ് ഉപേക്ഷിക്കുകയാണ് പതിവ്. പലരുടെയും പേരിലാണ് വ്യാജ സിം കാർഡ് എടുത്തിരുന്നത്.
കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഉള്ള ആളുകളെ ഇത്തരത്തിൽ തട്ടിപ്പിനിരയാക്കിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. അഞ്ചുലക്ഷത്തോളം രൂപ പ്രതിയുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്തു. കൂടാതെ, ധാരാളം മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഒരു കുറ്റകൃത്യത്തിന് ഒരു മൊബൈൽ ഫോണും സിം കാർഡും ആണ് ഇയാൾ ഉപയോഗിച്ചിരുന്നത്. കുറ്റകൃത്യത്തിനായി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാർ ഉപയോഗിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. കൂട്ടുപ്രതികളെപ്പറ്റിയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നും ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. കോട്ടയത്ത് ദിവസങ്ങളോളം താമസിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മൂവാറ്റുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.എം. ബൈജു, ഇൻസ്പെക്ടർ കെ.കെ. രാജേഷ്, പി.കെ. വിനാസ്, പി.സി. ജയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.