ജോലി വാഗ്ദാനംചെയ്ത് സ്ത്രീകളിൽനിന്ന് പണം തട്ടിയയാൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ഖാദി ബോർഡിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയിൽനിന്ന് 11,000 രൂപ കൈപ്പറ്റിയശേഷം ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുകോട് സ്വദേശിനിയെ കബളിപ്പിച്ച കേസിൽ അതിയന്നൂർ ബാലരാമപുരം തേമ്പാംമുട്ടം എതൃക്കരവിള വയലിൽ വീട്ടിൽ സതികുമാർ എന്ന സരിത്തിനെ(30)യാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ശരത്, മനു, നന്ദു, നിതിൻ എന്നിങ്ങനെ നിരവധി വിളിപ്പേരുകളുണ്ട്.
ഇയാൾ വിളപ്പിൽശാല ചൊവ്വള്ളൂരിൽ വാടക വീടെടുത്ത് താമസിച്ച് വരികയായിരുന്നു. നിർധനരായ സ്ത്രീകളെ നോട്ടമിട്ടശേഷം അവരുടെ ഫോൺ നമ്പർ മറ്റ് സ്ത്രീകളെ ഉപയോഗിച്ച് കൈക്കലാക്കിയ സ്ത്രീശബ്ദത്തിൽ ഫോണിലൂടെ വിവിധ സ്ഥാപനങ്ങളിൽ ജോലിവാഗ്ദാനം ചെയ്ത് പണം കൈപ്പറ്റുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.
വിളപ്പിൽശാല പൊലീസ് സ്റ്റേഷന് പുറമെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ രീതിയിലുള്ള കേസുകളികളിലെ പ്രതിയാണ് സരിത്ത്. നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി വെളിവായിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തതറിഞ്ഞ് നിരവധിപേർ പരാതിയുമായി സ്റ്റേഷനിലെത്തിയിട്ടുണ്ട്.
ബലാത്സംഘം, മോഷണം, പിടിച്ചുപറി, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് മ്യൂസിയം, കരമന, പാറശ്ശാല, നെടുമങ്ങാട്, വിതുര, കാട്ടാക്കട, മെഡിക്കൽ കോളജ്, സൈബർ പൊലീസ് സ്റ്റേഷൻ തുടങ്ങി ഇയാൾക്കെതിരെ കേസുകളുണ്ട്. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡി. ശിൽപക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡിവൈ.എസ്.പി എസ്. അനിൽകുമാറിന്‍റെ മേൽനോട്ടത്തിൽ വിളപ്പിൽശാല എസ്.എച്ച്.ഒ എൻ. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ ആശിഷ്, സി.പി.ഒ ധന്യപ്രകാശ് എന്നിവരടങ്ങിയ പൊലീസ് സംഘം തന്ത്രപരമായി ജോലി ആവശ്യമുണ്ടെന്ന നാട്യത്തിൽ ഇയാളോട് ഫോണിൽ ബന്ധപ്പെട്ട ശേഷമാണ് ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.