ഫേസ്ബുക്ക് സൗഹൃദം: യുവതിയിൽ നിന്ന് പണം തട്ടിയ യുവാവ് പിടിയിൽ
text_fieldsപാലക്കാട്: ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ച് പുതുശ്ശേരി കുരുടിക്കാട് സ്വദേശിനിയായ യുവതിയിൽ നിന്ന് 8,55,500 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. മുംബൈ ജി.ടി.ബി നഗർ ജെ.കെ. ബാസിൻ മാർഗ് പഞ്ചാബി കോളനി സ്വദേശി ദിപേഷ് സന്തോഷ് മാസാനിയെയാണ്(23) കസബ പൊലീസ് ഇൻസ്പെക്ടർ എൻ.എസ്. രാജീവും സംഘവും മുംബൈയിൽ നിന്ന് പിടികൂടിയത്.
2021 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നിരുന്നെങ്കിലും യുവതി സ്വീകരിച്ചില്ല. പിന്നീട് സ്ഥിരമായി ചാറ്റ് ചെയ്ത് യുവതിയെ വലയിൽ വീഴ്ത്തുകയായിരുന്നു. യുവതിയെ കാണാൻ നാട്ടിലേക്ക് വരുന്നുണ്ടെന്നും എന്നാൽ നാട്ടിലേക്ക് വരുന്നതിനു മുമ്പായി വിലപിടിപ്പുള്ള ഒരു സമ്മാനം താൻ നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും ഇയാൾ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
കസ്റ്റംസിന്റെ കൈയിൽ നിന്ന് നേരിട്ട് വാങ്ങാൻ ആവശ്യപ്പെട്ട ഇയാൾ കൈപ്പറ്റാൻ കസ്റ്റംസിന് പണം അടക്കണമെന്നും പറഞ്ഞു. ആദ്യം യുവതി മടിച്ചെങ്കിലും കോടിക്കണക്കിന് രൂപയുടെ സമ്മാനമാണ് താൻ അയച്ചിരിക്കുന്നതെന്നും അതുകൊണ്ട് 8.5 ലക്ഷം ഒരിക്കലും ഒരു നഷ്ടമാകില്ല എന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. രണ്ട് അക്കൗണ്ടുകളിലായി നാല് തവണകളായി യുവതി 8,55,500 രൂപ അയച്ചുകൊടുത്തു.
എന്നാൽ പിന്നീട് അയാളുടെ ഒരു വിവരവും ലഭിച്ചില്ല. ഇതോടെ താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലായ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, സബ് ഇൻസ്പെക്ടർ ജഗ് മോഹൻ ദത്ത, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കാജാഹുസൈൻ, നിഷാദ്, മാർട്ടിൻ എന്നിവരടങ്ങുന്ന സംഘമാണ് മുംബൈയിൽ പോയി പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.