ഫേസ്ബുക് പോസ്റ്റിന് താഴെ കമന്‍റിട്ടു: മധ്യവയസ്കെൻറ കൈകാലുകൾ തല്ലിയൊടിച്ചു, ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
text_fieldsതൊടുപുഴ: ഫേസ്ബുക് പോസ്റ്റിന് താഴെ കമന്‍റിട്ടതിെൻറ പേരിൽ സി.പി.എം പ്രവർത്തകർ ഹോട്ടൽ തൊഴിലാളിയായ മധ്യവയസ്കനായ ക്രൂരമായി ആക്രമിച്ച് കൈകാലുകൾ തല്ലിയൊടിച്ചതായി പരാതി. കരിമണ്ണൂർ വെച്ചൂർ വി.സി. ജോസഫിനാണ് (51) പരിക്കേറ്റത്. സംഭവത്തിൽ ഡി.വൈ.എഫ്.ഐ കരിമണ്ണൂർ ബ്ലോക്ക് പ്രസിഡന്‍റ് സോണി സോമി, ഉടുമ്പന്നൂർ മേഖല ട്രഷറർ അനന്തു സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. കൈകാലുകൾക്ക് ഒടിവ് സംഭവിച്ച ജോസഫിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫേസ്ബുക് പോസ്റ്റിന് താഴെ 'ജനങ്ങളുമായി ബന്ധമില്ലാത്തവരാണ് പാർട്ടി നേതൃത്വത്തിലേക്ക് വരുന്നതെന്നും സി.പി.എം ഏരിയ സെക്രട്ടറിയും അത്തരത്തിലൊരാളാണ്' എന്നും കോൺഗ്രസ് അനുഭാവിയായ ജോസഫ് കമന്‍റിട്ടിരുന്നു. തുടർന്ന്, സോണി സോമി ഫോണിൽ വിളിച്ച് സി.പി.എം ഏരിയ സെക്രട്ടറി പി.പി. സുമേഷ് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും കമന്‍റ് നീക്കിയില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നും ഭീഷണി മുഴക്കിയതായി ജോസഫിെൻറ മകൻ ജോജോ പറഞ്ഞു.
ജോലി കഴിഞ്ഞ് രാത്രി ഉടുമ്പന്നൂരിലെ കടയിൽ നിൽക്കുകയായിരുന്ന ജോസഫിനെ വിളിച്ചിറക്കി കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നത്രെ. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അരുൺ ദാസ്, ഹിഷാം എന്നിവരും സംഘത്തിലുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ, ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തതെന്നും ഏരിയ സെക്രട്ടറിക്ക് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും സി.ഐ പറഞ്ഞു. കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം തുടരുകയാണ്. സി.പി.എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആക്രമണം നടത്തിയത് ക്രമസമാധാന തകർച്ചയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയി കെ.പൗലോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.