ദീപ നിശാന്തിനെതിരെ ഫേസ്ബുക്ക് ഭീഷണി: കേസിലെ തുടർ നടപടികൾക്ക് സ്റ്റേ
text_fieldsകൊച്ചി: കോളജ് അധ്യാപികയായ ദീപ നിശാന്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വധഭീഷണി മുഴക്കിയ കേസിലെ തുടർ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. കേസിൽ പ്രതിയായ ബി.ജെ.പി പ്രവർത്തകൻ തിരുവനന്തപുരം സ്വദേശി ബിജു നായർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ ഉത്തരവ്. ഹരജിയിൽ കോടതി സർക്കാറിന്‍റെ നിലപാടും തേടി.
എച്ച്.പി ഇന്ത്യയിലെ ജീവനക്കാരനായിരുന്ന ദീപക് ശങ്കരനാരായണൻ കഠ്വ പീഡനക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിയെ വിമർശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് തൃശൂർ കേരളവർമ കോളജിൽ അധ്യാപികയായ ദീപ നിശാന്ത് ഷെയർ ചെയ്തിരുന്നു. തുടർന്ന് ദീപ നിശാന്തിനെതിരെ വ്യാപകമായ സൈബർ ആക്രമണമുണ്ടായി.
ദീപ നിശാന്തിനെതിരെ രമേഷ് കുമാർ എന്നയാൾ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ ദീപ നിശാന്തിന്റെ രക്തത്തിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്ന് ബിജു നായർ രേഖപ്പെടുത്തിയ കമന്റാണ് പരാതിക്ക് അടിസ്ഥാനം. എന്നാൽ, കഠ്വ പീഡനവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ദീപക് ശങ്കരനാരായണനെ കമ്പനി ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്നും സമാനമായ രീതിയിൽ നിയമ നടപടിക്ക് മുൻകൈയെടുക്കുമെന്നാണ് കമന്റിലൂടെ താൻ ഉദ്ദേശിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.