മെഡിക്കല്‍ കോളജിൽ പി.ജി. ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്: മാരകമായ രോഗങ്ങളുണ്ടെന്ന് പറഞ്ഞു പണം കൈക്കലാക്കി
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പി.ജി. ഡോക്ടറാണെന്നു പറഞ്ഞ് ചികിത്സിച്ച് തട്ടിപ്പുനടത്തിയ യുവാവ് പിടിയില്‍. പൂന്തുറ മാണിക്കവിളാകം പുതുവൽ പുത്തൻവീട്ടിൽ നിഖിലിനെയാണ് (22) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രി ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജിലെ ഒന്നാം വാര്‍ഡ് മെഡിസിന് യൂണിറ്റില്‍ കാലിനു പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖില്‍ കബളിപ്പിച്ചത്. നേരത്തേയുള്ള പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളിൽ ഇയാള്‍ സ്റ്റെതസ്കോപ്പ് ധരിച്ച് ആശുപത്രിയില്‍ കഴിഞ്ഞു. മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകള്‍ക്കുമായി റിനുവിന്റെ കൈയില്‍നിന്ന് നിഖില്‍ പണവും കൈക്കലാക്കി.
ഇയാളുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നത് നിഖിലായിരുന്നു. രോഗി ഡിസ്ചാര്‍ജാകാതിരിക്കാന്‍ സാമ്പിളുകളില്‍ കൃത്രിമം കാണിച്ചതായും പരാതിയുണ്ട്. പരിശോധനാഫലങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടര്‍മാര്‍ക്കു സംശയമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യാജനെ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ ഡോ. ശ്രീനാഥും മറ്റു ജീവനക്കാരും ഇയാളെ പിടികൂടി മെഡിക്കല്‍ കോളേജ് പോലീസില്‍ ഏല്‍പ്പിച്ചു. ആള്‍മാറാട്ടത്തിലൂടെ ചികിത്സ നടത്തിയതിന് ഇയാള്‍ക്കെതിരേ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നാസറുദ്ദീന്‍ പോലീസില്‍ പരാതി നല്കി.
തട്ടിപ്പ് തുടർക്കഥ
ഒരു വര്‍ഷം മുന്‍പ് ഡോക്ടറെന്ന വ്യാജേന റിനുവിന്റെ സഹോദരനെയും നിഖില്‍ കബളിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍വച്ചുതന്നെയാണ് ഇവര്‍ പരിചയപ്പെടുന്നത്. ഡോക്ടറാണെന്നു പറഞ്ഞ് നിഖില്‍ കൂടെക്കൂടി. മുട്ടുവേദനയ്ക്കു ചികിത്സയില്‍ക്കഴിഞ്ഞ ഇയാള്‍ ആശുപത്രി വിട്ടിട്ടും മാരക അസുഖമുണ്ടെന്നു പറഞ്ഞ് നിഖില്‍ സ്വന്തമായി ചികിത്സ നടത്തി. ചികിത്സയ്ക്കായി നാലു ലക്ഷത്തോളം രൂപയും തുടര്‍പഠനത്തിനായി 80,000 രൂപയും വാങ്ങി. മെഡിക്കൽ കോളജ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ഹരിലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.