വ്യാജരേഖ ചമച്ച് കോടികൾ തട്ടിയ പ്രതികൾ പിടിയിൽ
text_fieldsതൃശൂർ: വ്യാജരേഖ ചമച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നായി കോടികൾ തട്ടിയ കേസിൽ പ്രതികൾ പിടിയിൽ. മൂകാംബിക ഹോംസ് ആൻഡ് അപ്പാർട്മെൻറ്സ് മാനേജിങ് ഡയറക്ടർമാരായ പൂത്തോൾ അടിയാട്ട് ലൈൻ രാജ്ഭവൻ രാജു സേതുറാം (48), പൂങ്കുന്നം ചക്കുംപുറത്ത് വീട്ടിൽ അജിത് (46) എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 2015ൽ പൂങ്കുന്നത്ത് ബാംബൂ വേവ്സ് എന്ന പേരിൽ പണിയാരംഭിച്ച ഫ്ലാറ്റ് സമുച്ചയത്തിെൻറ പേരിലായിരുന്നു തട്ടിപ്പ്.
ഫ്ലാറ്റ് ബുക്ക് ചെയ്ത ഇടപാടുകാരെക്കൊണ്ട് ഫ്ലാറ്റിെൻറ യഥാർഥ രേഖകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊച്ചിയിൽ പ്രവർത്തിക്കുന്ന ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് വായ്പയെടുപ്പിച്ചിരുന്നു. പിന്നീട് ഇതേ രേഖകളുടെ വ്യാജ പതിപ്പുകൾ നിർമിച്ച് അതേ ഫ്ലാറ്റുകൾക്ക് ഇടപാടുകാരെ കണ്ടെത്തുകയും അവരുടെ പേരിലും മറ്റ് ധനകാര്യസ്ഥാപനങ്ങളിൽനിന്നും പ്രതികൾ വായ്പയെടുപ്പിക്കുകയുമായിരുന്നു.
ഇവർ ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസിന് മൂന്ന് കോടി രൂപ തിരിച്ചടക്കാനുള്ളതായാണ് കമ്പനി അസി. ലീഗൽ മാനേജർ അനുഷ് എ. രവീന്ദ്രെൻറ പരാതിയിൽ പറയുന്നത്. തൃശൂർ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 17 പ്രതികളുണ്ട്. കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.