മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsകരുനാഗപ്പള്ളി: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടിയെടുത്ത സംഘത്തിലുള്ളവർ പിടിയിലായി. തേവലക്കര പാലയ്ക്കൽ ഹാഷിം മൻസിലിൽ എൻ. മുഹമ്മദ് ഷാൻ (23), നീണ്ടകര പുത്തൻതുറ ചമ്പോളിൽ വടക്കതിൽ എസ്. വിഷ്ണു (22) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. മക്കാഴേത്ത് ജങ്ഷനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ഇവർ മുക്കുപണ്ടം പണയപ്പെടുത്താനായെത്തിയത്. ഏപ്രിലിൽ ധനകാര്യ സ്ഥാപനത്തിലെത്തി 19 ഗ്രാംഓളം തൂക്കം വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി 70000 രൂപയോളം കൈപ്പറ്റി കടന്നുകളയുകയായിരുന്നു. സംശയം തോന്നിയ സ്ഥാപനമുടമ നടത്തിയ സൂഷ്മപരിശോധനയിലാണ് പണയപ്പെടുത്തിയ ഉരുപ്പടികൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന്, കരുനാഗപ്പള്ളി പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ പ്രതികളെ പൊലീസ് പിടികൂടുകയുമായിരുന്നു.
ചവറയിലും ഒരാൾ പിടിയിൽ
ചവറ: മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. കൊല്ലം, പുള്ളിക്കട കോളനി, വിനീത ഭവനത്തിൽ വിനീതാണ് (32) ചവറ പൊലീസിന്റെ പിടിയിലായത്. ചവറ കൊട്ടുകാടുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് ഇവർ 80,000 രൂപ കൈപ്പറ്റിയിരുന്നു. സംശയംതോന്നിയ സ്ഥാപനയുടമ നടത്തിയ സൂഷ്മപരിശോധനയിലാണ് പണയ ഉരുപ്പടികൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്.
തുടർന്ന്, ചവറ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ കിളികൊല്ലൂർ കല്ലുംതാഴം എള്ളുവിള വീട്ടിൽ സുഗന്ധി എന്ന യുവതിയെ പൊലീസ് കഴിഞ്ഞമാസം പിടികൂടിയിരുന്നു. യുവതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തട്ടിപ്പിന് കൂട്ടുനിന്ന ഇവരുടെ സുഹൃത്തായ വിനീതിനെ തിരിച്ചറിയുകയും ഒളിച്ചുകഴിയുകയായിരുന്ന ഇയാളെ ചവറ പൊലീസ് പിടികൂടുകയുമായിരുന്നു. സമാന രീതിയിൽ മറ്റു സ്ഥലങ്ങളിലും പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരുകയാണ്.
കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ നിർദേശാനുസരണം ചവറ സ്റ്റേഷൻ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ നൗഫൽ, എസ്.സി.പി.ഒ രഞ്ജിത്ത്, സി.പി.ഒ രതീഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.