ശര്‍ക്കരയിലെ വ്യാജൻ: ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന തുടങ്ങി
text_fieldsമറയൂർ: സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' കാമ്പയിന്റെ ഭാഗമായി ശര്‍ക്കരയിലെ മായം കണ്ടെത്തുന്നതിന് ഓപറേഷന് ജാഗറിക്ക് തുടക്കം. സംസ്ഥാനത്ത് പലയിടത്തും മറയൂര്‍ ശര്‍ക്കര എന്ന പേരിൽ വ്യാജൻ വൻതോതിലാണ് വിറ്റഴിക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യാപാര ശാലകളിലടക്കം പരിശോധന തുടങ്ങിയത്. ഇതുവരെ 387 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനക്കായി ശര്‍ക്കരയുടെ 88 സര്‍വയലന്‍സ് സാമ്പിളും 13 സ്റ്റാറ്റ്യൂട്ടറി സാമ്പിളും ശേഖരിച്ചിട്ടുണ്ട്. നിര്‍മാണശാലകള്‍ മുതല്‍ ചെറുകിട കച്ചവടക്കാരുടെ സ്ഥാപനങ്ങള്‍ വരെ പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.
മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ കരിമ്പില്‍നിന്ന് ഉൽപാദിപ്പിക്കുന്ന ശര്‍ക്കരയാണ് മറയൂര്‍ ശര്‍ക്കര എന്നറിയപ്പെടുന്നത്. കുറഞ്ഞ സോഡിയവും കൂടിയ ഇരുമ്പിൻന്റെ അംശവും അടങ്ങുന്ന മറയൂര്‍ ശര്‍ക്കരക്ക് ഭൗമസൂചിക പദവി ലഭ്യമായിരുന്നു. എന്നാല്‍, ഗുണമേന്മ കുറഞ്ഞതും നിറംകുറഞ്ഞതുമായ ശര്‍ക്കര കൃത്രിമനിറങ്ങള്‍ ചേര്‍ത്ത് മറയൂര്‍ ശര്‍ക്കര എന്ന വ്യാജേന സംസ്ഥാനത്ത് വിറ്റഴിക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്താന്‍ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.