ഭാര്യാസഹോദരനെ കുടുക്കാൻ വ്യാജ പോക്സോ പരാതി: നടപടിയെടുക്കാൻ നിർദേശം
text_fieldsമഞ്ചേരി: വ്യാജ പരാതി നൽകി പോക്സോ കേസിൽപ്പെടുത്തിയതിനെതിരെ നടപടിയെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ശിപാർശ നൽകി. കുട്ടിയുടെ പിതാവിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാൻ ജില്ല പൊലീസ് മേധാവിക്ക് കമ്മിറ്റി ചെയർമാൻ നിർദേശം നൽകി.
കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഗർഭിണിയായ ഉമ്മയും കുട്ടിയും മാതാവിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ നാല് വയസ്സുള്ള പെൺകുട്ടിക്കെതിരെ അമ്മാവൻ ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് പിതാവ് വഴിക്കടവ് പൊലീസിൽ പരാതി നൽകി. കുട്ടിയെ ജനുവരി 24ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. വ്യാജ പരാതിയാണെന്ന് പൊലീസും സംശയം പ്രകടിപ്പിച്ചതോടെ പിറ്റേന്ന് പെൺകുട്ടിയെ ശിശുസംരക്ഷണ യൂനിറ്റിലെ കൗൺസിലർ കൗൺസലിങ് നടത്തി. പിതാവ് പറഞ്ഞിട്ടാണ് താൻ അമ്മാവനെതിരെ മൊഴി നൽകിയതെന്ന് കുട്ടി കൗൺസലിങ്ങിൽ തുറന്നു പറഞ്ഞു. മജിസ്ട്രേറ്റിന് മുമ്പിൽ രഹസ്യമൊഴി നൽകിയപ്പോഴും കുട്ടി മൊഴി ആവർത്തിച്ചു. ഇതോടെയാണ് കുടുംബവഴക്കിനെച്ചൊല്ലി പിതാവ് ഭാര്യാസഹോദരനെ കുടുക്കാൻ കുട്ടിയെ പ്രേരിപ്പിച്ചതാണെന്ന് തെളിഞ്ഞത്. കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കുട്ടിയെക്കൊണ്ട് മൊഴി നൽകിച്ചതെന്ന് വ്യക്തമായി. അന്വേഷണ റിപ്പോർട്ട് വഴിക്കടവ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഡബ്ല്യു.സി മുമ്പാകെ സമർപ്പിച്ചു. ഇതോടെ വ്യാജ പരാതി നൽകിയ രക്ഷിതാവിനെതിരെ അന്വേഷണം നടത്താനും പോക്സോ വകുപ്പ് പ്രകാരം തന്നെ ഇയാൾക്കെതിരെ കേസെടുക്കണമെന്നും ജില്ല പൊലീസ് മേധാവിയോട് നിർദേശിക്കുകയായിരുന്നു.
കുടുംബ വഴക്ക് മൂലം ഇത്തരത്തിൽ വ്യാജമായി പോക്സോ വകുപ്പുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് സി.ഡബ്ല്യു.സി ചെയർമാൻ അഡ്വ. പി. ഷാജേഷ് ഭാസ്കർ പറഞ്ഞു. ഇത്തരക്കാർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നത് കുറവാണെന്നും ചൂണ്ടിക്കാട്ടി. കമ്മിറ്റി അംഗങ്ങളായ കെ.പി. തനൂജ ബീഗം, സി.സി. ദാനദാസ്, ഷീന രാജൻ, കെ.ടി. ഷഹനാസ് എന്നിവരും സിറ്റിങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.