ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിന് നേരെ ഗുണ്ടാ ആക്രമണം
text_fieldsചാത്തന്നൂർ: കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിന് നേരെ ആക്രമണം. ഫോണിലൂടെ വധഭീഷണി വന്നിട്ടും പൊലീസ് കാര്യമായെടുക്കാതിരുന്നതിനാലാണ് ഇവരുടെ ഭർത്താവ് ഷാജി, സഹോദരൻ ബിജു എന്നിവർ തിങ്കളാഴ്ച രാത്രിയിൽ ആക്രമണത്തിനിരയായത്. ഒഴുകുപാറ റോഡിൽ കനാലിന് സമീപം ബൈക്കുമായി നിൽക്കുകയായിരുന്ന ഇവരെ ഓട്ടായിലെത്തിയ നാലംഗസംഘം മർദിക്കുകയായിരുന്നു.
ഓട്ടോ പോകുന്നതിനായി ബൈക്ക് മാറ്റിയില്ലെന്ന കാരണംപറഞ്ഞ് ബൈക്ക് തള്ളിയിട്ടശേഷം ഷാജിയെ മർദിക്കുകയായിരുന്നു. ഇതുകണ്ട് തടയാനെത്തിയ ബിജുവിനെ ക്രൂരമായി മർദിച്ച ശേഷം മുഖത്ത് കുത്തുകയായിരുന്നു. രാത്രി എട്ടരയോടെയായിരുന്നു സംഭവം. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ ചൊവ്വാഴ്ച പരവൂർ പൊലീസ് പിടികൂടിയിരുന്നു. വൈകീട്ട് മൂന്നരയോടെ ഷാജിയും സഹോദരനും പരവൂർ സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു.
കാരംകോട് ചരുവിള പുത്തൻവീട്ടിൽ അനന്തു വിക്രമൻ (31), ചാത്തന്നൂർ ഏറം താന്നിവിളവീട്ടിൽ സജീവ് (39)കാരംകോട് കല്ലുവിളവീട്ടിൽ കണ്ണൻ എന്ന അജിൽ (30), കാരംകോട് സനൂജ് മൻസിലിൽ സായിപ്പ് എന്ന സനൂജ് (31) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പരവൂർ എസ്.എച്ച്.ഒ എ. നിസാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഇവർ ഏതെങ്കിലും ക്വട്ടേഷൻ സംഘത്തിൽപെട്ടവരാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സഹോദരന്മാർ ബൈക്കിൽ വരുന്നുണ്ടെന്ന് ആരെങ്കിലും ഇവരെ അറിയിച്ചിട്ടുണ്ടോ എന്നറിയാൻ ഇവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചുവരുകയാണ്.
പത്മകുമാറും കുടുംബവും അറസ്റ്റിലായശേഷം ഷാജിയുടെ ഭാര്യ ഷീബ ഫാം ഹൗസ് പ്രവർത്തനവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് ഭീഷണിക്കും ആക്രമണത്തിനും കാരണമെന്ന് കരുതുന്നു. ഓയൂരിൽനിന്ന് കുട്ടിയ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പത്മകുമാറും കുടുംബവും റിമാൻഡിൽ കഴിയുമ്പോൾ ഇത്തരം ഒരു ആക്രമണം നടന്നതിൽ ആസൂത്രണം ഉണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
മാത്രമല്ല കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം പത്മകുമാറിന്റെ വെള്ള, നീല കാറുകൾക്ക് പിന്നിൽ ബൈക്കിൽ ആറിലധികംപേർ അകമ്പടി സേവിക്കുന്നത് നേരിൽ കണ്ടിരുന്നു എന്ന് കല്ലുവാതുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രതീഷകുമാർ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇക്കാര്യത്തിൽ പൊലീസ് ഒരു അന്വേഷണവും നടത്തുകയുണ്ടായില്ല. പരവൂർ സി.ഐ എ. നിസാർ, എസ്.ഐ സുജിത് ജി. നായർ, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ നെൽസൻ, സി.പി.ഒ അജേഷ് എന്നിവരടങ്ങിയ സംഘമാണ് ആക്രമണസംഘത്തെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.