ഫാഷൻ ഗോൾഡ് തട്ടിപ്പ്: 168 കേസുകളിലെ മുഴുവൻ കുറ്റപത്രങ്ങളും രണ്ടുമാസത്തിനകം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്
text_fieldsകാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ 168 കേസുകളിൽ മുഴുവൻ കുറ്റപത്രങ്ങളും രണ്ടുമാസത്തിനകം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്. ഇപ്പോൾ 30 കുറ്റപത്രങ്ങളാണ് തയാറായത്. അവ രണ്ടു ദിവസങ്ങളിലായി സമർപ്പിച്ചുകഴിഞ്ഞു. വിജിലൻസ് എ.ഡി.ജി.പിയുടെ അംഗീകാരം ലഭിച്ചാൽ ബാക്കി സമർപ്പിക്കും. ഒരു കുറ്റപത്രത്തിൽ ശരാശരി ഒമ്പതുമുതൽ 14 വരെയാണ് പ്രതികൾ.
എല്ലാ കുറ്റപത്രങ്ങളിലുമായി 30 പ്രതികളാണുള്ളത്. ഫാഷൻ ഗോൾഡ് കമ്പനികളായ ഫാഷൻ ഗോൾഡ് ഇൻറർനാഷനൽ, ഖമർ ഗോൾഡ്, നുജൂം ഗോൾഡ്, ഫാഷൻ ഓർണമെൻറ്സ് എന്നിവയാണ് കേസിലുൾപ്പെട്ട കമ്പനികൾ. 168 നിക്ഷേപകരുടെ പരാതിപ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ആദ്യ കുറ്റപത്രം കാസർകോട് സെഷൻസ് കോടതിയിൽ സമർപ്പിച്ചു.
ഡിവൈ.എസ്.പിമാരായ എം.വി. അനിൽകുമാർ, എം. സുനിൽകുമാർ, പൊലീസ് ഇൻസ്പെക്ടർമാരായ രാജേഷ്, ശ്രീമോഹൻ എന്നിവരാണ് അന്വേഷിച്ചത്. എല്ലാ കുറ്റപത്രങ്ങളിലും ഇന്ത്യൻ ശിക്ഷ നിയമത്തിലെ 406, 409, 420 വകുപ്പുകൾക്ക് പുറമെ അനിയന്ത്രിത നിക്ഷേപ നിരോധന നിയമത്തിലെയും നിക്ഷേപക താൽപര്യ സംരക്ഷണ നിയമത്തിലെയും വിവിധ വകുപ്പുകളാണ് ചുമത്തിയത്. എല്ലാ കുറ്റപത്രങ്ങളും സമർപ്പിക്കുന്നതോടെ രണ്ടുലക്ഷത്തോളം രേഖകളാണ് കോടതിയിലെത്തുക. പരാതിക്കാർക്ക് നിക്ഷേപത്തുക ലഭിക്കും വിധമാണ് കേസ് അന്വേഷണം നടത്തിയത്. 10 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കോടതി അനുമതി ലഭിക്കുന്നതോടെ സ്വത്ത് ലേലം ചെയ്ത് പരാതിക്കാരിൽ അർഹരായവർക്ക് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.