സുബൈർ കൊലക്കേസിൽ നീതിനിഷേധമെന്ന് പിതാവും സഹോദരനും
text_fieldsപാലക്കാട്: പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊലക്കേസിൽ ഗൂഢാലോചനയിലേക്കും ആയുധവും വാഹനവും നൽകിയവരിലേക്കും പൊലീസ് അന്വേഷണം പോകുന്നില്ലെന്നും ഇത് തികഞ്ഞ നീതിനിഷേധമാണെന്നും സുബൈറിന്‍റെ പിതാവ് അബൂബക്കറും സഹോദരൻ അബ്ദുൽ റസാഖും പറഞ്ഞു. കൊലക്ക് പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണവും ഉന്നതതല ഗൂഢാലോചനയുമുണ്ട്. കൊലയിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേർക്കുപുറമെ വേറെയും ആളുകൾ കൊലയാളിസംഘത്തിന് ഒത്താശ ചെയ്തിട്ടുണ്ട്. ആർ.എസ്.എസിലെ ഉന്നതർക്ക് കൊലയിൽ പങ്കുണ്ട്. ആർ.എസ്.എസ് പാലക്കാട് ജില്ല സഹകാര്യവാഹകിനെ അറസ്റ്റ് ചെയ്തതിനപ്പുറം ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയോ മറ്റുനേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയോ ചെയ്തിട്ടില്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന് സുബൈർ വധഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആരോപിച്ചിരുന്നു. കൊലക്ക് എതാനും ദിവസം മുമ്പ് സുരേന്ദ്രൻ ആലത്തൂരിലെ ഒരുവീട്ടിൽ രഹസ്യയോഗം ചേർന്നതായി തെളിവുകൾ ഉണ്ടായിട്ടും ഈ വഴിക്ക് അന്വേഷണം നടന്നതേയില്ല. ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലയിൽ സുബൈറിന് ബന്ധമുണ്ടായിരുന്നില്ലെന്ന് അബൂബക്കറും അബ്ദുൽ റസാഖും പറയുന്നു. ഇക്കാര്യം പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞതാണ്.
സഞ്ജിത് കൊലക്കേസുമായി ബന്ധപ്പെട്ട് സുബൈറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും പ്രതിയല്ലെന്ന് കണ്ട് വിട്ടയക്കുകയായുന്നു. സഞ്ജിത്ത് കൊല്ലപ്പെട്ട് 10ാം നാൾ പ്രതികാരമായി സുബൈറിനെ കൊല്ലാൻ പദ്ധതി തയാറാക്കിയതായി പ്രതികൾ വെളിപ്പെടുത്തിയിരുന്നു.
സഞ്ജിത്തിന്‍റെ വീട്ടിൽ സൂക്ഷിച്ച ആയുധങ്ങളാണ് സുബൈറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചത്. കൊലക്ക് ഉപയോഗിച്ച നാല് വടിവാൾ പ്രതികൾക്ക് നൽകിയത് സഞ്ജിത്തിന്‍റെ വീട്ടുകാരാണ്. സഞ്ജിത്തിന്‍റെ കാർ ഒരു മാസത്തോളമായി സുബൈർ കൊലക്കേസിലെ മുഖ്യപ്രതി രമേശന്‍റെ വീട്ടിലുണ്ടായിരുന്നു. ഈ കാർ ഉപയോഗിച്ചാണ് സുബൈറിനെ ഇടിച്ചുവീഴ്ത്തിയത്. കൊലക്ക് ഉപയോഗിച്ച രണ്ട് കാറിനുപുറമെ നമ്പർപ്ലേറ്റ് മായ്ക്കപ്പെട്ട മൂന്നാതൊരു കാർ ഇതിനുപിറകിലായി കടന്നുപോയതായി സി.സി ടി.വിയിൽ പതിഞ്ഞിരുന്നെങ്കിലും ഈ നിലക്ക് അന്വേഷണം ഉണ്ടായില്ല. ഏപ്രിൽ ഒന്നിനും എട്ടിനും സുബൈറിനെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നതായി അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയിരുന്നു. ഈ രണ്ട് സംഭവത്തിൽ വേറെയും പ്രതികൾ ഉൾപ്പെട്ടിരുന്നതായി സൂചന ലഭിച്ചിട്ടും അന്വേഷണം ആ വഴിക്ക് നീങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.