‘മകൻ വിദഗ്ധമായി ബൈക്കോടിക്കും, പിതാവ് ക്ഷണത്തിൽ ചെയിൻ പൊട്ടിക്കും’; ക്രൈം ഒരു ഫാമിലി ബിസിനസാകുന്നതിങ്ങനെ...
text_fieldsമുംബൈ: സ്നേഹനിധിയായ പിതാവ് എപ്പോഴും മകന്റെ പ്രവർത്തന വഴികളിൽ നിറഞ്ഞ പിന്തുണയുമായി കുടെയുണ്ടാകുമെന്നാണ് വെപ്പ്. അത് അക്ഷരംപ്രതി ‘ശരിവെക്കുക’യാണ് ഈ പിതാവും പുത്രനും. കല്യാണിൽനിന്നുള്ള 62കാരനായ പിതാവും 38കാരനായ മകനുമാണ് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞത്.
ഇവരുടെ ‘മനപ്പൊരുത്തം’ പക്ഷേ, നന്മയുടെ വഴിക്കായിരുന്നില്ലെന്നു മാത്രം. ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ സ്വർണമാലകൾ കവരുന്ന പിതാവിനെയും മകനെയും താനെ പൊലീസ് ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ബൈക്ക് ഓടിക്കുന്നതിൽ വിദഗ്ധനായ മകന്റെ പിന്നിലിരുന്ന് സഞ്ചരിക്കുന്ന പിതാവാണ് ക്ഷണത്തിൽ മാല പൊട്ടിക്കുക. ഇരകൾ ബഹളം വെച്ച് ആളെക്കൂട്ടുന്നതിന് മുമ്പ് മകൻ അതിവേഗത്തിൽ ബൈക്കോടിച്ച് സ്ഥലം കാലിയാക്കും. പിന്നാലെ ആളുകൾ വണ്ടിയുമായി പുറപ്പെട്ടാലൊന്നും ഇവരെ പിടികൂടാൻ കഴിയാറില്ലായിരുന്നു.
ആസിഫ് ഷബീർ സെയ്ദ്, മകൻ ബാഗർ എന്നിവരാണ് ഒടുവിൽ പൊലീസിന്റെ പിടിയിലായത്. മാല കവർന്ന് കടന്നുകളഞ്ഞ ചുരുങ്ങിയത് ഒരു ഡസൻ സംഭവങ്ങളിലെങ്കിലും നിലവിൽ ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. രണ്ടു മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച കേസിലും ഇരുവരും പ്രതികളാണ്.
മുമ്പും ഒരുപാടു കേസുകളിൽ ഇവർ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ആസിഫിനെതിരെ 23ഉം ബാഗറിനെതിരെ ആറും കേസുകളുള്ളതായി താനെ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമീഷണർ ശിവരാജ് പാട്ടീൽ പറഞ്ഞു. താനെ നഗർ, ശ്രീനഗർ, ചിൽതസർ മണ്ഡപ, വാഗ്ലെ എസ്റ്റേറ്റ്, കപൂർബൗഡി എന്നീ സ്റ്റേഷനുകളിലെല്ലാം ഇവർക്കെതിരെ കേസുണ്ട്. സ്വർണാഭരണങ്ങളും മോട്ടോർ സൈക്കിളുകളുമായി 5.40 ലക്ഷം രൂപ വിലവരുന്ന തൊണ്ടിമുതൽ ഇവരിൽനിന്ന് കണ്ടെടുത്തു. ഇവരെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചശേഷം കെണിയൊരുക്കി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സീനിയർ പൊലീസ് ഇൻസ്പെക്ടർ വികാസ് ഗോഡ്കെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.