ഭാര്യയുടെ പ്രസവച്ചെലവിന്റെ ആശുപത്രി ബില്ലടക്കാൻ പണമില്ല; യു.പിയിൽ മൂന്നുവയസുകാരനെ വിൽപന നടത്തി പിതാവ്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ കുശിനഗറിൽ ഭാര്യയുടെ പ്രസവ ചെലവിന് പണം കണ്ടെത്താൻ കഴിയാതെ മൂന്നുവയസുള്ള മകനെ വിൽക്കാൻ നിർബന്ധിതനായി പിതാവ്. കുശിനഗറിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാളുടെ ഭാര്യ പ്രസവിച്ചത്. ബില്ലടക്കാത്തതിനെ തുടർന്ന് ഭാര്യയെയും നവജാത ശിശുവിനെയും വിട്ടുനൽകാൻ ആശുപത്രി അധികൃതർ തയാറായിരുന്നില്ല. തുടർന്നാണ് ബില്ലടക്കാനുള്ള പണം കണ്ടെത്താൻ പിതാവ് കുട്ടിയെ വിൽക്കാൻ തീരുമാനിച്ചത്. ബർവ പാട്ടി സ്വദേശിയായ ഹരീഷ് പട്ടേൽ ആണ് ഭാര്യയുടെ പ്രസവചെലവുകൾക്കായി സ്വന്തം കുഞ്ഞിനെ വിൽപന നടത്തിയത്. ഭാര്യയെയും കുഞ്ഞിനെയും വിട്ടുകിട്ടാൻ മൂന്നുവയസുകാരനെ മറ്റൊരു ദമ്പതികൾക്ക് കൈമാറാനാണ് ഇയാൾ തീരുമാനിച്ചത്.
ദിവസക്കൂലിക്കാരനായ പട്ടേലിന് സ്വകാര്യ ആശുപത്രിയിലെ ചെലവുകൾ താങ്ങാൻ സാധിച്ചില്ല. പട്ടേലിന്റെ ആറാമത്തെ കുഞ്ഞാണിത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഇടനിലക്കാരൻ അമ്രേഷ് യാദവ്, ദത്തെടുത്ത മാതാപിതാക്കളായ ഭോല യാദവ്, ഭാര്യ കലാവതി, വ്യാജ ഡോക്ടർ, താര കുശ്വാഹ, ഒരു സഹായി എന്നിവരും ഉൾപ്പെടുന്നു. കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി മാതാപിതാക്കളുടെ അടുത്ത് എത്തിച്ചു.
കഴിഞ്ഞ ആഗസ്റ്റിൽ അലിഗഢിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനെ പിതാവ് 56,000 രൂപക്ക് വിൽപന നടത്തിയിരുന്നു. കുഞ്ഞിന്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കുഞ്ഞിനെ വാങ്ങിയ ദമ്പതികളെ കണ്ടെത്തി അമ്മയെ തിരികെ ഏൽപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.