പിതാവ് മകനെ കൊലപ്പെടുത്തിയ സംഭവം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
text_fieldsബംഗളൂരു: പിതാവിന്റെ അടിയേറ്റ് മരിച്ച 14കാരന് ഗുരുതര ബാഹ്യ-ആന്തരാവയവ പരിക്കേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബംഗളൂരു കുമാരസ്വാമി ലേഔട്ടിൽ താമസിക്കുന്ന രവികുമാറാണ് (40) മകൻ തേജസിനെ (14) ബാറ്റുകൊണ്ട് അടിച്ചുകൊന്നത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മകന്‍ പഠനത്തില്‍ പിറകിലാവാൻ കാരണം മൊബൈല്‍ ഫോണിന്റെ അമിതോപയോഗവും ചീത്ത കൂട്ടുകെട്ടുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ചുണ്ടായ തർക്കത്തിനിടെ കോപാകുലനായ പിതാവ് തേജസിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു. പിന്നാലെ തല പിടിച്ച് മതിലിലിടിച്ചു. ‘നീ ജീവിച്ചാലും മരിച്ചാലും എനിക്ക് പ്രശ്‌നമില്ല’ എന്നുപറഞ്ഞായിരുന്നു മര്‍ദനമെന്ന് പൊലീസ് പറഞ്ഞു. രവികുമാര്‍ മകനെ ആശുപത്രിയിലെത്തിക്കാന്‍ തയാറായില്ല. ശ്വാസം നിലച്ചതോടെയാണ് ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. മരണത്തിന് മുമ്പ് ക്രൂരമായ മര്‍ദനത്തിനിരയായെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, മരണം സംഭവിച്ചതോടെ രവികുമാര്‍ കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായി കണ്ടെത്തി. തറയിലെ രക്തം നീക്കുകയും തിടുക്കപ്പെട്ട് അന്ത്യകര്‍മങ്ങള്‍ക്ക് മുതിരുകയുമായിരുന്നു. മര്‍ദിക്കാനുപയോഗിച്ച ബാറ്റ് ഒളിപ്പിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ച് സാധാരണ മരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആശാരിപ്പണിക്കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.