ഭ്രൂണഹത്യ റാക്കറ്റ് കേസ്; ഒരു നഴ്സുകൂടി അറസ്റ്റിൽ
text_fieldsബംഗളൂരു: സംസ്ഥാനത്തെ ഞെട്ടിച്ച ഭ്രൂണഹത്യ റാക്കറ്റ് കേസിൽ ഒരു നഴ്സുകൂടി മൈസൂരുവിൽ അറസ്റ്റിൽ. കേസിലെ മറ്റൊരു പ്രതിയായ ഏജന്റ് പുട്ടരാജുവിന്റെ ബന്ധുവും സ്വകാര്യ ആശുപത്രിയിലെ നഴ്സുമായ ഉഷാറാണിയെയാണ് (23) സി.ഐ.ഡി വിഭാഗം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 11 ആയി.
കഴിഞ്ഞ ദിവസം കേസ് സി.ഐ.ഡി ഏറ്റെടുത്തിരുന്നു. ബംഗളൂരു, മണ്ഡ്യ, മൈസൂരു കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻറാക്കറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഗർഭിണികളെ കണ്ടെത്തി അവരെ മണ്ഡ്യയിലെ സ്കാനിങ് കേന്ദ്രത്തിൽ എത്തിച്ചിരുന്നത് പുട്ടരാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. പരിശോധനയിൽ പെൺഭ്രൂണമാണെന്ന് കണ്ടെത്തിയാൽ ഇവരെ ഭ്രൂണഹത്യക്കായി മൈസൂരുവിലേക്ക് അയക്കും. പുട്ടരാജുവിന്റെ നിർദേശപ്രകാരം, സ്വകാര്യ ആശുപത്രിയിൽ ഗർഭിണികളുടെ ഗർഭം അലസിപ്പിക്കലായിരുന്നു ഉഷാറാണി ചെയ്തിരുന്നത്.
ആശുപത്രി അധികൃതർ അറിയാതെ വ്യാജരേഖകളുണ്ടാക്കി പലരുടെയും അബോർഷൻ പ്രക്രിയ ഉഷാറാണി നിർവഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആശുപത്രി ഉടമക്ക് സി.ഐ.ഡി നോട്ടീസ് അയച്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് ആശുപത്രി അധികൃതർ ഈ വിവരമറിയുന്നത്. റാക്കറ്റിൽ കൂടുതൽ പേർ ഉൾപ്പെട്ടതായാണ് അന്വേഷണസംഘം കരുതുന്നത്.
ഇത്തരക്കാർക്കെതിരെ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി താലൂക്ക് ഹെൽത്ത് ഓഫിസർ ഡോ. രാജേശ്വരി, ഫാമിലി വെൽഫെയർ ഓഫിസർ ഡോ. രവി എന്നിവരെ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്തിരുന്നു.
ഉഷാറാണിക്ക് പുറമെ, മൈസൂരു ഉദയഗിരി മാത ആശുപത്രിയിലെ ഡോ. ചന്ദ്രൻ ബള്ളാൾ, ഡോ. തുളസീരാമൻ, ആശുപത്രി മാനേജറും ഡോ. ചന്ദൻ ബള്ളാളിന്റെ ഭാര്യയുമായ സി.എം. മീന, റിസപ്ഷനിസ്റ്റും മണ്ഡി മൊഹല്ലയിലെ താമസക്കാരിയുമായ റിസ്മ ഖാനൂം, ലബോറട്ടറി ടെക്നീഷ്യൻ നിസാർ, ആശുപത്രിയിലെ നഴ്സായിരുന്ന മഞ്ജുള, മൈസൂരു സ്വദേശി ശിവലിംഗഗൗഡ, മണ്ഡ്യ സ്വദേശി നയൻകുമാർ, ദാവൻകരെ സ്വദേശി ടി.എം. വീരേഷ്, മണ്ഡ്യ സ്വദേശി നവീൻ കുമാർ എന്നിവരാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.