സിദ്ധൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്: പാണ്ടിക്കാട് സ്വദേശി അറസ്റ്റിൽ
text_fieldsപാണ്ടിക്കാട്: സിദ്ധൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പാണ്ടിക്കാട് സ്വദേശി അറസ്റ്റിൽ. കാരായപ്പാറ മമ്പാടൻ അബ്ബാസാണ് (45) പിടിയിലായത്. ചികിത്സാമാർഗങ്ങളൊന്നും പഠിക്കാത്ത ഇയാൾ 'ആൾദൈവം' ചമഞ്ഞ് വർഷങ്ങളായി വീട്ടിൽ ചികിത്സ നടത്തിവരുകയാണ്. മാസങ്ങൾക്ക് മുമ്പ് ചികിത്സക്കായി വന്ന കുടുംബത്തോട് കാര്യങ്ങൾ തിരക്കുന്നതിനിടെ സ്ഥലം വിറ്റ വകയിൽ 18 ലക്ഷത്തോളം രൂപ തങ്ങളുടെ പക്കലുണ്ടെന്ന് അവർ അബ്ബാസിനോട് പറഞ്ഞു. എന്നാൽ, പണം കൈവശം വച്ചാൽ നിലനിൽക്കില്ലെന്നും നഷ്ടപ്പെടുമെന്നും ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. താൻ സൂക്ഷിക്കാമെന്നും ആവശ്യമുള്ളപ്പോൾ തിരിച്ചുനൽകാമെന്നും പറഞ്ഞ് അബ്ബാസ് പണം കൈക്കലാക്കി. മുന്തിരി ജ്യൂസിൽ മയങ്ങാനുള്ള മരുന്ന് ചേർത്ത് നൽകിയാണ് ഇതെല്ലാം പറഞ്ഞ് വിശ്വസിപ്പിച്ചതെന്ന് കുടുംബം പറഞ്ഞു. പിന്നീട് പല തവണ പണം ആവശ്യപ്പെട്ടപ്പോഴും തിരികെ നൽകിയില്ല. തുടർന്ന് ഒമ്പത് ലക്ഷം രൂപ മാത്രം നൽകി. ബാക്കി നൽകാത്തതിനെ തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. പാണ്ടിക്കാട് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റഫീക്ക്, എസ്.ഐ സുനീഷ്, എ.എസ്.ഐ സെബാസ്റ്റ്യൻ, എസ്.സി.പി.ഒമാരായ ശൈലേഷ് ജോൺ, വ്യതീഷ്, അസ്മാബി, സി.പി.ഒ ജയൻ, സജീർ, അജയൻ, ഷംസീർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.