‘ദൃശ്യം മോഡൽ’ കൊലപാതകം; മൃതദേഹം ഒളിപ്പിച്ച സ്ഥലത്ത് കുളിമുറി നിർമാണം
text_fieldsതുവ്വൂർ/മലപ്പുറം: തുവ്വൂരിൽ നാടിനെ ഞെട്ടിച്ച കൊലപാതകം ‘ദൃശ്യം’ സിനിമയുടെ മാതൃകയിലെന്ന് പൊലീസ്. പ്രതികൾ മൃതദേഹം ഒളിപ്പിച്ചതും പിന്നീട് നടത്തിയ നീക്കങ്ങളും ‘ദൃശ്യ’ത്തോട് ഏറെ സാമ്യമുള്ളതാണ്. ഒരിക്കലും പുറംലോകമറിയരുതെന്ന ലക്ഷ്യത്തിൽ കൃത്യമായ ഗൂഢാലോചനയാണ് പ്രതികൾ നടത്തിയത്. കൊലപാതകം സ്വന്തം വീട്ടിലെ സ്ത്രീകൾപോലും അറിയാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുഖ്യപ്രതിയായ വിഷ്ണുവിന്റെ വീട്ടിൽനിന്നാണ് സുജിതയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ സഹോദരങ്ങളും പിതാവും ഈ വീട്ടിൽതന്നെയാണ് താമസം. കൊലപാതകം ഒളിപ്പിക്കാൻ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിർമിക്കാനും പ്രതികൾ നീക്കം നടത്തി. ഇതിനായി കഴിഞ്ഞ ദിവസങ്ങളിൽ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ഹോളോബ്രിക്സും മെറ്റലും എം സാൻഡുമെല്ലാം ഇറക്കിയിരുന്നു. എത്രയുംവേഗം നിർമാണ പ്രവൃത്തി തുടങ്ങാനായിരുന്നു പദ്ധതി. വിഷ്ണു പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.
പ്രതി ആഭരണവും പണവും പലരിൽനിന്ന് കടം വാങ്ങി
തുവ്വൂർ/മലപ്പുറം: സുജിതയുടെ കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാടുകളെന്ന് സൂചന. അറസ്റ്റിലായ വിഷ്ണു സൗമ്യനും പെരുമാറ്റം കൊണ്ട് ആരെയും ആകർഷിച്ചിരുന്നയാളുമാണെന്ന് പരിചയക്കാർ പറയുന്നു. സ്ത്രീകളുമായി പെട്ടെന്ന് അടുപ്പത്തിലാവാനും ഇയാൾക്ക് കഴിഞ്ഞിരുന്നു. ഗ്രാമപഞ്ചായത്ത് ഓഫിസിലെ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ ഡേറ്റ എൻട്രി ഓപറേറ്ററായത് മുതലെടുത്താണ് വിഷ്ണു അടുപ്പങ്ങളുണ്ടാക്കിയത്. സ്ത്രീ തൊഴിലാളികളിൽനിന്ന് പലപ്പോഴും പണം കടം വാങ്ങിയിരുന്നു. പലരിൽനിന്ന് ആഭരണം വാങ്ങി ബാങ്കിൽ പണയം വെക്കുകയും ചിലരുടേത് വിൽക്കുകയും ചെയ്തിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. തിരികെ ചോദിച്ച് നിരന്തരം പിന്നാലെ നടക്കുമ്പോൾ മാത്രം പണം തിരികെ നൽകും. ഇത് ചില കുടുംബങ്ങളിൽ പ്രശ്നങ്ങളുമുണ്ടാക്കിയിട്ടുണ്ട്. സുജിതയുടെ താലി, മാല, വളകൾ, കമ്മൽ തുടങ്ങിയ ആഭരണങ്ങളും പലപ്പോഴായി വിഷ്ണു വാങ്ങിയതായും തിരികെ നൽകിയതായും പറയുന്നു. ഈ ‘ബാധ്യത’ തീർക്കാൻ വേണ്ടിയാവാം സുജിതയെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കിയതെന്നാണ് സൂചന.
യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി
തുവ്വൂർ (മലപ്പുറം): തുവ്വൂരിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവും രണ്ടു സഹോദരങ്ങളും പിതാവും ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. തുവ്വൂർ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരിയായ സുജിതയെ കൊലപ്പെടുത്തിയ കേസിലാണ് യൂത്ത് കോൺഗ്രസ് തുവ്വൂർ മണ്ഡലം സെക്രട്ടറിയായ തുവ്വൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ മാതോത്ത് വീട്ടിൽ വിഷ്ണു (28), സഹോദരന്മാരായ വിവേക് (24), വൈശാഖ് (21), ഇവരുടെ പിതാവ് മുത്തു (53), സുഹൃത്ത് മൂന്നുകണ്ടൻ മുഹമ്മദ് ഷിഹാൻ (18) എന്നിവർ അറസ്റ്റിലായത്. മുഖ്യപ്രതി വിഷ്ണുവിന്റെ വീട്ടുവളപ്പിൽനിന്ന് തിങ്കളാഴ്ച കണ്ടെത്തിയ മൃതദേഹം 11 ദിവസം മുമ്പ് കാണാതായ തുവ്വൂർ പള്ളിപ്പറമ്പിലെ മാങ്കുത്ത് മനോജ്കുമാറിന്റെ ഭാര്യ സുജിതയുടെതാണെന്ന് (35) വിശദ പരിശോധനയിൽ പൊലീസ് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇൻക്വസ്റ്റിനു ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസാണ് കൊലപാതകം സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആഗസ്റ്റ് 11നാണ് സുജിതയെ കാണാതായതായി ഭർത്താവ് കരുവാരകുണ്ട് പൊലീസിൽ പരാതി നൽകിയത്. പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സംശയം തോന്നിയവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സുജിതയുടെ ആഭരണം കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്.പി പറഞ്ഞു.
വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ആഗസ്റ്റ് 11ന് ഉച്ചയോടെയാണ് സുജിതയെ വിഷ്ണു വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഈ സമയം പിതാവൊഴികെയുള്ള മറ്റു പ്രതികൾ വീട്ടിൽ ഒളിച്ചിരുന്നു. വീട്ടിലെത്തിയ സുജിതയെ നാലുപേരും ചേർന്നാണ് കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചും കഴുത്തിൽ കയറിട്ട് ജനലഴികളിൽ കെട്ടിവലിച്ചുമാണ് മരണം ഉറപ്പാക്കിയത്.
സ്വർണാഭരണങ്ങളെടുത്ത ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് പ്രതികൾ പുറത്തിറങ്ങി. ആഭരണം രണ്ട് ജ്വല്ലറികളിൽ വിൽക്കുകയും തുക പ്രതികൾ വീതിച്ചെടുക്കുകയും ചെയ്തു. അർധരാത്രി തിരിച്ചെത്തി വീടിന് ഏതാനും വാരയടുത്തുള്ള മാലിന്യക്കുഴിയിൽ മൃതദേഹം കുഴിച്ചിട്ടു. സുജിതയുടെ വസ്ത്രത്തിനു പുറമെ മറ്റു വസ്ത്രങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും ചേർത്തുവെച്ച് കയർകൊണ്ട് വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകവും മൃതദേഹം കുഴിച്ചിട്ട വിവരവുമറിഞ്ഞിട്ടും പിതാവ് മുത്തു മറച്ചുവെക്കുകയായിരുന്നു. അറസ്റ്റിലായ വിവേക് പാണ്ടിക്കാട് സ്റ്റേഷനിൽ പോക്സോ കേസിൽ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.