അഗളി സ്വദേശിയുടെ കൊല: നാലുദിവസം കൊടുംപീഡനം; ഒടുവിൽ മരണം
text_fieldsപെരിന്തൽമണ്ണ: ജിദ്ദയിൽനിന്ന് നാട്ടിലെത്തിയ അഗളി സ്വദേശി അബ്ദുൽ ജലീലിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേരെ മലപ്പുറം എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
കൊലപാതകം സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണെന്നും മുഖ്യ സൂത്രധാരനടക്കം കൂടുതൽ പ്രതികൾ അറസ്റ്റിലാവാനുണ്ടെന്നും പൊലീസ് അറിയിച്ചു. പെരിന്തൽമണ്ണ ആക്കപ്പറമ്പ് കോഴിക്കാട്ടിൽ വീട്ടിൽ അൽത്താഫ് (31), ആക്കപ്പറമ്പ് കല്ലിടുമ്പ് ചോലക്കൽ വീട്ടിൽ റഫീഖ് മുഹമ്മദ് മുസ്തഫ (മുത്തു-34), എടത്തനാട്ടുകര പാറക്കോട്ടുവീട്ടിൽ അനസ് ബാബു (മണി-40), പൂന്താനം സ്വദേശി കോണികുഴിയിൽ വീട്ടിൽ മുഹമ്മദ് അബ്ദുൽ അലി (അലിമോൻ-40), പൂന്താനം കൊണ്ടിപറമ്പ് പുത്തൻ പരിയാരത്ത് വീട്ടിൽ മണികണ്ഠൻ (ഉണ്ണി-38) എന്നിവരാണ് അറസ്റ്റിലായത്.
അലിമോൻ, അൽതാഫ്, റഫീഖ് മുഹമ്മദ് മുസ്തഫ എന്നിവരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. മണികണ്ഠനും അനസ് ബാബുവും സംഘത്തെ സഹായിച്ചവരാണ്. അബ്ദുൽ ജലീൽ നാലു ദിവസം മാരകായുധങ്ങൾ കൊണ്ട് ക്രൂര പീഡനങ്ങൾക്ക് ഇരയായെന്നും ശരീരമാസകലം മുറിവും പരിക്കുമേറ്റാണ് മരണമെന്നും പൊലീസ് പറയുന്നു.
ആക്കപ്പറമ്പിലെ മൈതാനം, പെരിന്തൽമണ്ണ ജൂബിലിയിലെ ഫ്ലാറ്റ്, പൂപ്പലത്തെ ഒരു വീട് എന്നിവിടങ്ങളിൽ എത്തിച്ചാണ് ക്രൂരമായി മർദിച്ചത്.
മേയ് 15ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ അബ്ദുൽ ജലീൽ ഭാര്യയെ വിളിച്ചെങ്കിലും പിന്നീട് വീട്ടിലെത്താതായതോടെ മേയ് 16ന് ഭാര്യയും കുടുംബവും അഗളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇടക്ക് ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ടതിനാൽ പൊലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല.
ഇയാളെ മർദിച്ച് അവശനാക്കി ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് കാര്യമായ അന്വേഷണം തുടങ്ങിയത്. കേസിലെ പ്രതികൾ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണ്. നിലവിൽ കേസുകളില്ല.
(കൊല്ലപ്പെട്ട അബ്ദുൾ ജലീൽ)
രക്തം വാർന്നതോടെ മരുന്ന് നൽകി; ബോധം നഷ്ടമായതോടെ സ്വന്തമായി ചികിത്സയും
പെരിന്തൽമണ്ണ: മരണത്തിന് കീഴടങ്ങുംമുമ്പ് നാലുദിവസത്തിലായി അഗളി സ്വദേശി അബ്ദുൽ ജലീൽ (42) നേരിട്ടത് ഇരുമ്പുപൈപ്പുകളും വടികളും ഉപയോഗിച്ചുള്ള കൊടുംപീഡനം. കൈകൾ പിറകോട്ട് കെട്ടി കാലിലും തുടകളിലും കൈകളിലും പുറത്തും അതിക്രൂരമായി അടിച്ചും കുത്തിയും പരിക്കേൽപിച്ചിട്ടുണ്ട്.
കാലുകൾ പൊട്ടി രക്തം ഒലിക്കാൻ തുടങ്ങിയതോടെ ആക്കപ്പറമ്പിലെ ഗ്രൗണ്ടിൽനിന്ന് എടുത്ത് കാറിൽ കയറ്റി പുലർച്ച അഞ്ചോടെ എടത്തനാട്ടുകര സ്വദേശി അനസ് ബാബുവിന്റെ പെരിന്തൽമണ്ണ ജൂബിലി റോഡിലെ ഫ്ലാറ്റിലേക്ക് മാറ്റി. അവിടെ സംഘത്തിലുള്ളവർ തുടർച്ചയായി രണ്ടുദിവസത്തോളം രാത്രിയിലും പകലും മാറിമാറി ഇരുമ്പുപൈപ്പുകൾ, ജാക്കി, ലിവർ എന്നിവ ഉപയോഗിച്ച് അടിച്ചും കുത്തിയും പരിക്കേൽപിക്കുകയും കത്തികൊണ്ട് ശരീരത്തിലെ പലഭാഗത്തായി മുറിവേൽപിക്കുകയും ചെയ്തു. ശരീരത്തിൽനിന്ന് രക്തം വന്ന് തറയിലും ബെഡിലും ആയതോടെ യുവാവിനെ അവിടെനിന്ന് മാറ്റാൻ അനസ് ബാബു ആവശ്യപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
എന്നിട്ടും യുവാവിനെ ആശുപത്രിയിലാക്കാനോ വീട്ടിൽ എത്തിക്കാനോ ശ്രമിച്ചില്ല. പകരം സംഘത്തിൽ ഉൾപ്പെട്ട മണികണ്ഠന്റെ മേലാറ്റൂരിലെ മെഡിക്കൽ ഷോപ്പിൽനിന്ന് മുറിവ് ഉണങ്ങാനും മറ്റുമുള്ള മരുന്നുകൾ എത്തിച്ച് ശരീരത്തിൽ പുരട്ടി ഫ്ലാറ്റ് വൃത്തിയാക്കി. തുടർന്ന് അബ്ദുൽ ജലീലിനെ ഫ്ലാറ്റിൽനിന്ന് മുഹമ്മദ് അബ്ദുൽ അലിയുടെ പൂപ്പലത്തെ വീട്ടിലേക്ക് മാറ്റി. അവിടയും സംഘം ക്രൂരമായി പരിക്കേൽപിച്ചു. അവശനിലയിലായ യുവാവ് ഈ മാസം 18ന് രാത്രിയോടെയാണ് ബോധരഹിതനാവുന്നത്.
സംഘത്തിൽ ഉൾപ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ പരിചയത്തിലുള്ള ആശുപത്രിയിലെ രണ്ട് നഴ്സിങ് അസിസ്റ്റന്റുമാരെ കാറിൽ യുവാവിനെ പാർപ്പിച്ച വീട്ടിലെത്തിച്ച് ഗ്ലൂക്കോസും മറ്റുചില മരുന്നുകളും നൽകിയെങ്കിലും ബോധം തിരിച്ചു കിട്ടാതായതോടെയാണ് 19ന് രാവിലെ ഏഴോടെ മുഖ്യപ്രതി യഹിയ സ്വന്തം സ്വിഫ്റ്റ് കാറിൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിച്ചത്. ആക്കപ്പറമ്പ് റോഡരികിൽ പരിക്കേറ്റ് കിടക്കുന്നത് കണ്ട് എടുത്തുകൊണ്ടു വന്നതാണെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞ് ഇയാൾ കടന്നുകളയുകയായിരുന്നു. പിന്നീട് രാത്രി 12ഓടെ അബ്ദുൽ ജലീൽ മരണപ്പെടുകയായിരുന്നു.
പ്രതികളെ സഹായിച്ചവരുടെ നീണ്ട നിര; മുഴുവൻ പേരെയും പ്രതി ചേർക്കുമെന്ന് പൊലീസ്
പെരിന്തൽമണ്ണ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി നാലു ദിവസം മർദിച്ച് കൊലപ്പെടുത്തിയ പ്രതികൾക്ക് പലയിടങ്ങളിൽനിന്നും വഴിവിട്ട സഹായം ലഭിച്ചതായി പൊലീസ്. പ്രതികളെ സഹായിച്ചവരെ മുഴുവൻ കേസിൽ പ്രതിയാക്കുമെന്ന് എസ്.പി എസ്. സുജിത് ദാസ് പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധമുള്ള ആക്കപ്പറമ്പ് സ്വദേശി യഹ്യയാണ് മുഖ്യപ്രതി. ഇയാൾക്കായി ഊർജിത അന്വേഷണമാണ് നടക്കുന്നത്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് സഹായം ലഭിച്ച വഴികൾ പൊലീസിന് മുന്നിൽ ചുരുളഴിഞ്ഞത്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഇനിയും അറസ്റ്റിലാവാനുണ്ട്. നേരിട്ട് പങ്കാളികളാവാത്തവരായി അതിലേറെ പേർ ഉണ്ട്. അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. നെടുമ്പാശേരിയിൽ നിന്ന് തന്നെ അബ്ദുൽ ജലീലിനെ പ്രതികൾ കാറിൽ കയറ്റിയിരുന്നതായാണ് വിവരം. സ്വർണക്കടത്തിന്റെ വിശദാംശങ്ങൾ, അബ്ദുൽ ജലീലുമായി പ്രതികൾക്കുള്ള ബന്ധം തുടങ്ങിയ വിവരങ്ങൾ തുടരന്വേഷണത്തിലേ വ്യക്തമാവൂ എന്നാണ് പൊലീസ് പറയുന്നത്.
പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിജു, ഇൻസ്പെക്ടർമാരായ സി.എസ്. ഷാരോൺ, സുനിൽ പുളിക്കൽ, മനോജ് പറയറ്റ, മേലാറ്റൂർ എസ്.ഐ സിജോ തങ്കച്ചൻ, പെരിന്തൽമണ്ണ എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.