അഞ്ചുലക്ഷം ഉപേക്ഷിച്ചത് ഓട്ടോറിക്ഷയിൽ എത്തിയവരോ?, അന്വേഷണം ഊർജിതം
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പ് കോടതി റോഡിൽ അഞ്ചുലക്ഷം രൂപ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഓട്ടോറിക്ഷക്കാരനിലേക്ക് നീളുന്നു. വ്യാഴാഴ്ച രാവിലെ 7.45 ഓടെയാണ് കോടതി റോഡിലെ ചായക്കടക്കാരൻ കരുണാകരനും മുയ്യം വരഡൂലിലെ ബാലനും ചേർന്ന്, കോടതി റോഡിൽനിന്ന് ഉപേക്ഷിച്ച നിലയിൽ കിട്ടിയ അഞ്ചുലക്ഷം രൂപ പൊലീസിനെ ഏൽപിക്കുന്നത്. കരുണാകരനാണ് പണമടങ്ങിയ കവർ കണ്ടത്.
തുടർന്ന് പരിചയക്കാരനായ ബാലനെ കൂട്ടി പരിശോധിച്ചപ്പോൾ പണമാണെന്ന് മനസ്സിലായി തളിപ്പറമ്പ് പൊലീസിൽ ഏൽപിക്കുകയായിരുന്നു. പൊലീസാണ് ഇത് എണ്ണിത്തിട്ടപ്പെടുത്തി അഞ്ചുലക്ഷമാണ് ഉള്ളതെന്ന് ഇവരോട് പറയുന്നത്. പണം ലഭിച്ച സ്ഥലത്തെ സി.സി.ടി.വി ദൃശ്യത്തിൽനിന്ന്, ബുധനാഴ്ച രാത്രി എട്ടോടെ ഓട്ടോറിക്ഷയിലെത്തിയാണ് പണം ഉപേക്ഷിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ, ഓട്ടോറിക്ഷയുടെ നമ്പർ വ്യക്തമല്ല.
ഓട്ടോറിക്ഷ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വ്യാഴാഴ്ച തന്നെ സി.സി.ടി.വി ദൃശ്യം പൊലീസ് നഗരത്തിലെ ഓട്ടോറിക്ഷക്കാരെ കാണിച്ചിരുന്നു. ചില തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച നഗരത്തിലെ ഒരുസ്ഥാപനത്തിൽനിന്ന് ആറുലക്ഷം രൂപ നഷ്ടപ്പെട്ടതായി മുയ്യത്തെ ബാലകൃഷ്ണൻ എന്നയാൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു.
കളഞ്ഞുകിട്ടിയ അഞ്ചുലക്ഷം ഈ തുകയിൽപ്പെടുന്നതാണോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ആറുലക്ഷം നഷ്ടപ്പെട്ടതിലും അഞ്ചുലക്ഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിലും ദുരൂഹത തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.