ലഹരി ഉപയോഗം ചോദ്യംചെയ്ത സഹോദരന്മാരെ ആക്രമിച്ച അഞ്ചംഗ സംഘം അറസ്റ്റിൽ
text_fieldsപുനലൂർ: കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യംചെയ്ത സഹോദരന്മാരെ ആക്രമിച്ച അഞ്ചംഗ സംഘത്തെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പിറവന്തൂർ ചീവോട് കണ്ണൻ ഭവനിൽ സഹോദരന്മാരായ ജിഷ്ണു (22), വിഷ്ണു (22), കണ്ണൻ (20), ചീവോട് ഉദയ വിലാസത്തിൽ ജയൻ (40), ചീവോട് സുരേന്ദ്ര വിലാസത്തിൽ സുധീഷ് (38) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ പിറവന്തൂർ കാട്ടായിക്കോണത്താണ് സംഭവം.
തച്ചക്കുളം സജി ഭവനിൽ സജി (46), സഹോദരൻ അമ്പിളി (44) എന്നിവർക്കാണ് മർദനമേറ്റത്. പ്രതികൾ പ്രദേശത്ത് കൂടിച്ചേർന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് പതിവായിരുന്നു. ഇത് സജിയും അമ്പിളിയും ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. സഹോദരന്മാർ ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരുന്ന വഴി ഓട്ടോയിൽ എത്തിയ അഞ്ചംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഇരുവരെയും ചുറ്റികകൊണ്ട് തലക്ക് അടിച്ചു. കമ്പിവടി കൊണ്ട് മർദിക്കുകയും ചെയ്ത സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓട്ടോയിൽ രക്ഷപ്പെട്ടു.
പരിക്കേറ്റ സഹോദരങ്ങളെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഈ സമയം മറ്റൊരു കേസിന്റെ ആവശ്യത്തിനായി താലൂക്ക് ആശുപത്രിയിൽ എത്തിയ സിവിൽ പൊലീസ് ഓഫിസർ അജീഷ് ഈ വിവരം ഉടൻ എസ്.ഐ ശരലാലിനെ അറിയിച്ചു. എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് രാത്രി തന്നെ ആശുപത്രിയിലെത്തി മർദനമേറ്റവരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.
രാത്രി പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ച പൊലീസ് പുലർച്ച രണ്ടോടെ മൂന്ന് പ്രതികളെ പുനലൂരിൽ നിന്നും പിടികൂടി. ഇൻസ്പെക്ടർ ബിനു വർഗീസിെൻറ നിർദേശാനുസരണം മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ബുധനാഴ്ച പകൽ11 ഓടെ ഇരുവരെയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
എ.എസ്.ഐ പ്രകാശ്, ഗ്രേഡ് എസ്.ഐ സുരേഷ്, എസ്.ഐ ഷിബു, രാജശേഖരൻ, സി.പി.ഒമാരായ അജീഷ്, രജിത്ത് ലാൽ, സുനി, ഗോപൻ, ഷിജു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്ക് കഞ്ചാവ് ലഭിക്കുന്ന വഴി അന്വേഷിക്കുമെന്നും ഇവർക്ക് മറ്റ് കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും എസ്.ഐ ശരലാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.