കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസ്: 11 വർഷം ഒളിവിലായിരുന്ന പ്രതി പിടിയിൽ
text_fieldsതിരുവല്ല: കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ 11 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവല്ല സി.വി.പി ടവേഴ്സ് ഉടമ തിരുവല്ല തുകലശ്ശേരി ചന്ദ്ര വിരുത്തിയിൽ ബോബൻ എന്ന് വിളിക്കുന്ന സി.പി ജോൺ (59) ആണ് പിടിയിലായത്. തിരുവല്ല കുരിശു കവലയിലെ സി.വി.പി ടവറിലെ ഫ്ലാറ്റുകൾ വിദേശ മലയാളികൾ അടക്കം ഒന്നിലധികം പേർക്ക് വിറ്റ് പണം തട്ടിയെന്ന 16 പേരുടെ പരാതിയിലാണ് അറസ്റ്റ്.
പരാതികൾ ഉയർന്നതോടെ ഒളിവിൽ പോയിരുന്ന പ്രതിയെ തിരുവല്ല സി.ഐ ബി.കെ സുനിൽ കൃഷ്ണൻ, സീനിയർ സി.പി.ഒ ഹക്കീം എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിൽ എറണാകുളം കളമശ്ശേരിയിലെ വാടക വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു.
വിദേശ രാജ്യങ്ങളിൽ വർഷങ്ങളോളം ജോലിചെയ്തുണ്ടാക്കിയ സമ്പാദ്യം ഫ്ലാറ്റിന്റെ പേരിൽ ബോബൻ തട്ടിയെടുക്കുകയായിരുന്നെന്നാണ് വിദേശ മലയാളികളിൽ പലരുടെയും പരാതി. ഇതിനിടെ പണം മടക്കി നൽകാം എന്ന് വിശ്വസിപ്പിച്ച് ബോബൻ പരാതിക്കാരായ പലർക്കും വണ്ടിച്ചെക്കും നൽകിയിരുന്നു. പ്രതി പിടിയിലായതറിഞ്ഞ് തട്ടിപ്പിനിരയായ നിരവധി പേർ പരാതിയുമായി സ്റ്റേഷനിൽ എത്തുന്നുണ്ടെന്ന് സി.ഐ സുനിൽ കൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.