ഫുട്ബാൾ താരവും 'ക്യൂനെറ്റ്' തട്ടിപ്പിനിരയായി; പൊലീസിൽ പരാതി നൽകിയിരുന്നതായി ഉസ്മാൻ ആഷിഖ്
text_fieldsതിരൂർ: മൾട്ടിലെവൽ മാർക്കറ്റിങ്ങായ 'ക്യൂനെറ്റി'ലൂടെ തന്നെയും ബന്ധുവിനെയും തട്ടിപ്പിനിരയാക്കിയതായി സെവൻസ് ഫുട്ബാൾ താരം ഉസ്മാൻ ആഷിഖ്. അടുത്ത സുഹൃത്തും ഭാര്യയും ചേർന്നാണ് ബിസിനസിനെന്ന് പറഞ്ഞ് ക്യൂനെറ്റിലൂടെ അഞ്ചര ലക്ഷം രൂപ തന്നെയും ബന്ധുവിനെയും കബളിപ്പിച്ച് തട്ടിയെടുത്തതെന്നും അേദ്ദഹം 'മാധ്യമ'ത്തോട് പറഞ്ഞു.
കോവിഡ് കാലത്ത് ഫുട്ബാൾ മത്സരങ്ങളും മറ്റു വരുമാനങ്ങളും നിലച്ച സമയത്താണ് അവർ പുതിയ ബിസിനസെന്ന് പറഞ്ഞ് സമീപിച്ചത്. ദിവസവും മൂന്നു മണിക്കൂർ ഓൺലൈൻ മീറ്റിങ്ങിലൂടെ തങ്ങൾക്കൊപ്പം ചെലവഴിച്ചാൽ മതിയെന്നും മികച്ച വരുമാനം നേടാമെന്നും പറഞ്ഞായിരുന്നു വിശ്വസിപ്പിച്ചത്. ആറുമാസം മുമ്പ് സുഹൃത്തിെൻറ നിർബന്ധത്തിന് വഴങ്ങി വായ്പയെടുത്തു. സുഹൃത്ത് പണം നേരിട്ട് കൈപ്പറ്റുകയും ചെയ്തു. പിന്നീട് അവർ പറയുന്ന രീതിയിൽ നാലുമാസം പ്രവർത്തിച്ചിട്ടും ഒരു വരുമാനവും ലഭിച്ചില്ല. തന്നെ ചേർത്ത സുഹൃത്തിനെ വിളിച്ചപ്പോൾ പ്രൊഡക്റ്റ് മറ്റ് ആളുകളിലേക്കെത്തിയാൽ മാത്രമേ വരുമാനം ലഭിക്കൂവെന്നും അതിനൊരാളെ ബിസിനസിലേക്ക് കൊണ്ടുവരണമെന്നും പറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിൽ തെൻറ അടുത്ത ബന്ധുവിൽ നിന്നും ഇവർ പണമീടാക്കി.
ഇതിന് പിന്നാലെ തെൻറ ഭാര്യയുടെ അക്കൗണ്ടിലേക്ക് 26,000 രൂപ വന്നപ്പോൾ ഇത് മണിചെയിൻ കമ്പനിയല്ലേ എന്ന് ചോദിച്ചപ്പോൾ അല്ലായെന്നായിരുന്നു മറുപടി. പിന്നെയും മറ്റുള്ളവരെ ചേർക്കാൻ പറഞ്ഞപ്പോൾ പണം തിരിച്ചുചോദിച്ചു. കേസ് കൊടുത്തോളൂവെന്നും കോടതിയിൽ പൊയ്ക്കോളൂവെന്നുമായിരുന്നു മറുപടി. ഇതോടെ പാലക്കാട് എസ്.പിക്കും ഒറ്റപ്പാലം സി.ഐക്കും ഒന്നരമാസം മുമ്പ് പരാതി നൽകിയിരുന്നെന്നും ഉസ്മാൻ ആഷിഖ് വ്യക്തമാക്കി. തട്ടിപ്പിനിരയായവരുടെ പരാതിയിൽ സംസ്ഥാനത്ത് നിരവധി കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, തട്ടിപ്പുകാർക്കെതിരെ ഇതുവരെ ശക്തമായ നടപടി സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.