വിദേശ വനിത കൊലക്കേസ്: പ്രതികളെ തിരിച്ചറിഞ്ഞു
text_fieldsതിരുവനന്തപുരം: വിദേശ വനിത കൊലക്കേസിലെ പ്രതികളായ ഉദയൻ, ഉമേഷ് എന്നിവരെ സാക്ഷികൾ തിരിച്ചറിഞ്ഞു. പ്രോസിക്യൂഷെൻറ മൂന്നും നാലും സാക്ഷികളായ സൂരജ്, ലാലു എന്നിവരാണ് പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞത്.
കഴിഞ്ഞദിവസം വിദേശ വനിതയുടെ സഹോദരി അടക്കം സാക്ഷികളെ വിസ്തരിച്ചെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല. തിരുവനന്തപുരം ഒന്നാം അഡീ. സെഷൻസ് കോടതിയിലാണ് വിചാരണ.
സാക്ഷിയായ കാറ്ററിങ് ജീവനക്കാരനായ സൂരജ് സ്ഥലവാസിയാണ്. സുഹൃത്തിെൻറ വിവാഹ ചടങ്ങിന് പോകാൻ പണമില്ലാത്തതിനാൽ മറ്റൊരു കൂട്ടുകാരെൻറ കൈയിൽനിന്ന് കടം വാങ്ങാൻ വള്ളം തുഴഞ്ഞ് പോകുകയായിരുന്നു. ചീലാന്തിക്കാട്ടിനടുത്ത് എത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. മീൻ ചീഞ്ഞുനാറുന്നതാവാമെന്ന് കരുതി കുട്ട പൊക്കി നോക്കിയപ്പോൾ ഒന്നും കണ്ടില്ല. കല്യാണത്തിന് പോകാനുള്ള തിടുക്കത്തിൽ അവിടെനിന്ന് പോയി. പ്രതികളെ കണ്ടപ്പോൾ ചീലാന്തിക്കാട്ടിൽനിന്ന് ദുർഗന്ധം വരുന്ന കാര്യം പറഞ്ഞു. അവിടെ പോയി നോക്കാമെന്ന് അവരോട് പറഞ്ഞു. പോകേണ്ടെന്നും നീർനായ ഉണ്ടാകുമെന്നും അവർ പറഞ്ഞെന്ന് സൂരജ് മൊഴി നൽകി.
സംഭവത്തിനുശേഷം സൂരജിന് അപകടം സംഭവിച്ച് കിടപ്പിലായി. ടി.വിയിലൂടെയാണ് വിദേശവനിതയെ കാണാതായ കാര്യവും തുടർന്ന് മരണവിവരവും അറിഞ്ഞത്. പ്രതികൾ രണ്ടുപേരും സുഹൃത്തുക്കളായിട്ടും കണ്ട കാര്യം പൊലീസിനോട് പറഞ്ഞത് മാനുഷിക പരിഗണന മൂലമാണെന്നും സൂരജ് മൊഴി നൽകി.
കാട്ടിനുള്ളിലെ വള്ളികളിൽ വിദേശവനിതയുടെ ശരീരം കിടക്കുന്നെന്ന് തെൻറ സുഹൃത്ത് പറഞ്ഞതായി മീൻപിടിത്ത തൊഴിലാളിയായ ലാലു മൊഴി നൽകി. സമീപത്തായി രണ്ട് പ്രതികളും ഉണ്ടായിരുന്നു. അവർ അവിടെ മീൻ പിടിക്കുകയായിരുന്നു. ഇത് ആരോടും പറഞ്ഞില്ല. പിന്നീട് ചീട്ട് കളിക്കുന്നതിനിടയിലാണ് ഇക്കാര്യം പറഞ്ഞത്. പിന്നീട് ഇക്കാര്യങ്ങൾ പൊലീസ് ചോദിച്ചപ്പോഴും പറഞ്ഞതായി ലാലു കോടതിയിൽ വ്യക്തമാക്കി. വിചാരണ തിങ്കളാഴ്ച തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.