ജീവനാംശം കിട്ടാൻ വ്യാജ ത്വലാഖ് രേഖയുണ്ടാക്കി; യുവതിക്കും ജമാഅത്ത് കമ്മിറ്റി മുൻ സെക്രട്ടറിക്കുമെതിരെ കേസ്
text_fieldsകാസർകോട്: ജീവനാംശം ലഭിക്കാൻ ഭർത്താവ് മൊഴിചൊല്ലിയതായി കാണിക്കുന്ന വ്യാജ ത്വലാഖ് രേഖയുണ്ടാക്കിയതിന് യുവതിക്കും പിതാവിനും ജമാഅത്ത് കമ്മിറ്റി മുൻ സെക്രട്ടറിക്കുമെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് പൊയിനാച്ചി പറമ്പയിലെ പി. അബ്ദുൽ ഖാലിഖ് അഡ്വ. ഗിരിഷ് റാവു മുഖേന ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹരജിയെത്തുടർന്നാണ് കോടതി നിർദേശപ്രകാരം ചെമ്മനാട് ബടക്കുമ്പാത്ത് സി.എം. ഹഫ്സത്ത് ഷാസിയ (34), പിതാവ് സി.എ. മുഹമ്മദലി, ചെമ്മനാട് ജമാഅത്ത് കമ്മിറ്റി മുൻ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തത്.
താൻ ത്വലാഖ് ചൊല്ലിയതായി ഹഫ്സത്ത് കോടതിയിൽ സമർപ്പിച്ച രേഖയും ഒപ്പും കൈയക്ഷരവും സാക്ഷിയും വ്യാജമാണെന്ന് ഹരജിക്കാരൻ പരാതിയിൽ പറഞ്ഞു. വനിത ലീഗ് നേതാവും ചെമ്മനാട് പഞ്ചായത്ത് മുൻ വാർഡ് അംഗവുമായിരുന്ന യുവതി 2015 മുതൽ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു. 2016ൽ ഭർത്താവ് ജീവനാംശം നൽകുന്നില്ലെന്ന് കാണിച്ച് കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ യുവതിക്ക് അനുകൂല വിധിയുണ്ടായി. വിധിക്കെതിരെ ഹൈകോടതിയിൽ പുനഃപരിശോധന ഹരജി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ത്വലാഖ് ചൊല്ലിയെന്ന് ജമാഅത്ത് സെക്രട്ടറിയുടെ സഹായത്തോടെ വ്യാജ രേഖയുണ്ടാക്കിയത്. ഇവർക്ക് പത്തുവയസ്സുള്ള മകനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.