സഹകരണ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി മുങ്ങിയ മുൻ കോൺഗ്രസ് നേതാവ് പിടിയിൽ
text_fieldsപാവറട്ടി (തൃശൂർ): സഹകരണ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടി മുങ്ങിയ മുൻ കോൺഗ്രസ് നേതാവ് പിടിയിൽ. ചാവക്കാട് താലൂക്ക് റൂറൽ ഹൗസിങ് കോഓപറേറ്റിവ് സൊസൈറ്റി മുൻ പ്രസിഡന്‍റും യൂത്ത് കോൺഗ്രസ് മണലൂർ മണ്ഡലം മുൻ പ്രസിഡന്‍റുമായ അമ്പലത്ത് വീട്ടിൽ ഷാജഹാൻ പെരുവല്ലൂരാണ് (50) അറസ്റ്റിലായത്.
2018-2020ൽ അപ്രൈസറുടെയും അറ്റൻഡറുടെയും ജോലി വാഗ്ദാനം ചെയ്ത് അരിമ്പൂർ, കണ്ടാണശ്ശേരി, പാവറട്ടി സ്വദേശികളിൽനിന്നായി 75 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ വാണിയമ്പാടിയിൽനിന്നാണ് ഇയാളെ പാവറട്ടി പൊലീസ് പിടികൂടിയത്.
ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കാൻ ഷാജഹാൻ രണ്ട് സുഹൃത്തുക്കളെ ചേർത്ത് ഇൻറർവ്യൂ ബോർഡുണ്ടാക്കി അഭിമുഖം നടത്തിയിരുന്നു. പണം നൽകിയവർക്ക് വ്യാജ നിയമന ഉത്തരവ് നൽകുകയും ചെയ്തു. കോവിഡ് സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം മുതലാക്കി ബാങ്കിന്‍റെ ഫയലുകൾ റഫറൻസിനെന്ന പേരിൽ ഉദ്യോഗാർഥികളുടെ വീട്ടിലേക്ക് കൊടുത്തയച്ചും ഒരുമാസത്തിന് ശേഷം അക്കൗണ്ടിലേക്ക് ശമ്പളം അയച്ചുമാണ് വിശ്വാസം ഉറപ്പ് വരുത്തിയത്.
ജോലിക്ക് പറഞ്ഞുറപ്പിച്ച മുഴുവൻ തുകയും കൈപ്പറ്റിയ ശേഷം തുടർ മാസങ്ങളിൽ ശമ്പളം വരാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗാർഥികൾക്ക് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് പാവറട്ടി പൊലീസിൽ പരാതി നൽകിയതോടെ ഇയാൾ മുങ്ങുകയായിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി അഹമ്മദാബാദിലെ ഫ്ലാറ്റിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പാവറട്ടി പൊലീസ് അന്വേഷിച്ച് എത്തിയെങ്കിലും രക്ഷപ്പെട്ടു. പിന്നീട് ഷാജഹാനുമായി ബന്ധമുള്ള ഒരാളുടെ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് ഇയാളെ തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്. പാവറട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർ എം.കെ. രമേഷ്, എസ്.ഐമാരായ ആർ.പി. സുജിത്ത്, സജീവൻ, സിവിൽ പൊലീസ് ഓഫിസർ സുമേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചാവക്കാട് ജുഡീഷ്യൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.