മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യ; രണ്ടു പേർ അറസ്റ്റിൽ
text_fieldsചെങ്ങന്നൂർ: മാന്നാറിലെ സാമ്പത്തിക തട്ടിപ്പിൽ പലരിൽ നിന്നായി മൂന്നുകോടിയോളം രൂപയും 60 പവനോളം സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ മാന്നാർ കുട്ടമ്പേരൂർ പല്ലവനക്കാട്ടിൽ സാറാമ്മ ലാലു (മോളി), മാന്നാർ പഞ്ചായത്ത് മുൻ അംഗം മാന്നാർ കുരട്ടിക്കാട് നേരൂർ വീട്ടിൽ ഉഷ ഗോപാലകൃഷ്ണൻ എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സാമ്പത്തിക തട്ടിപ്പിനിരയായി കഴിഞ്ഞ ഞായറാഴ്ച വീട്ടിലെ പൂജാ മുറിയിൽ ജീവനൊടുക്കിയ പഞ്ചായത്ത് മുൻ പ്രസിഡന്റ് കുരട്ടിക്കാട് ഓങ്കാറിൽ വി.കെ. ശ്രീദേവിയമ്മ ഉൾപ്പടെ പലരിൽ നിന്നായി കോടിക്കണക്കിനു രൂപ തട്ടിയതായുള്ള പരാതിയെ തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീദേവിയമ്മയുടെ ആത്മഹത്യക്ക് ശേഷം ഒളിവിലായിരുന്ന പ്രതികളെ തിരുവല്ല കുറ്റൂരുള്ള വീട്ടിൽ നിന്നാണ് പിടികൂടിയത്. സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണൻ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മാന്നാറിലും പരിസര പ്രദേശങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുള്ളത്. ശ്രീദേവിയമ്മയുടെ കൈയിൽനിന്ന് സംഘം 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി.
ശ്രീദേവിയമ്മ മരിക്കുന്നതിന് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട് മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ശ്രീദേവിയമ്മ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് പരാതി നൽകി. തുടർന്ന് അന്വേഷണ ചുമതല വീയപുരം പൊലീസ് ഇൻസ്പെക്ടർ ധർമ്മജിത്തിന് കൈമാറി. ശ്രീദേവിയമ്മയുടെ മരണശേഷമാണ് കൂടുതൽ പേർ പരാതികളുമായി രംഗത്തെത്തിയത്. അർധ സൈനിക സേവനത്തിനുശേഷം വിരമിച്ച കുരട്ടിക്കാട് ഏനാത്ത് വടക്കേതിൽ എ.സി ശിവൻപിള്ള, വത്സലാ ഭവനിൽ ടി.എൻ വത്സലാകുമാരി, നേരൂർപടിഞ്ഞാറ് രമണി അയ്യപ്പൻ, ശാന്തമ്മ എന്നിവരും എസ്.പിക്ക് പരാതി നൽകിയിരുന്നു. മാന്നാർ ചെന്നിത്തല പ്രദേശങ്ങളിൽ നിന്നായി മൂന്ന് കോടിയിലേറെ രൂപ ഇവർ തട്ടിയെടുത്തതായിട്ടാണ് പ്രാഥമികമായി പുറത്തു വരുന്ന വിവരം.
കേന്ദ്രപദ്ധതി പ്രകാരം വനിതകൾക്ക് തൊഴിൽ സംരംഭം തുടങ്ങുന്നതിനായി 10 കോടി രൂപ ലഭിക്കുമെന്നും അതിന്റെ പ്രാരംഭ ചെലവുകൾക്കായി കുറച്ച് പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവർ ശ്രീദേവിയമ്മയുൾപ്പെടെയുള്ളവരെ സമീപിച്ച് തട്ടിപ്പ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും അവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബാലകൃഷ്ണൻ, പ്രതാപചന്ദ്രമേനോൻ, സിവിൽ പൊലീസ് ഓഫിസർ നിസാറുദ്ദീൻ, വനിത എ.എസ്.ഐ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.