ഡൽഹിയിൽ സ്കൂളിൽ കത്തി ആക്രമണം; പരീക്ഷ കഴിഞ്ഞിറങ്ങിയ നാല് പത്താംക്ലാസ് വിദ്യാർഥികൾക്ക് കുത്തേറ്റു
text_fieldsന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ സ്കൂളിൽ പരീക്ഷ കഴിഞ്ഞിറങ്ങിയ നാല് പത്താംക്ലാസ് വിദ്യാർഥികെള പിന്തുടർന്ന് മർദിച്ചശേഷം കുത്തിപരിക്കേൽപ്പിച്ചു. സ്കൂളിന് പുറത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നാലു വിദ്യാർഥികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ പ്രദേശത്തെ സർവോദയ ബാൽ വിദ്യാലയ സ്കൂളിന് പുറത്താണ് സംഭവം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ് നാലു വിദ്യാർഥികളും. ഇതോടെ പ്രദേശത്തെ തന്നെ മറ്റു സ്കൂളുകളിലെ വിദ്യാർഥികൾ ഇവരെ പിന്തുടരുകയും ആക്രമിച്ചശേഷം കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു.
സ്കൂളിന് പുറത്ത് നിരവധി കുട്ടികൾ തടിച്ചുകൂടിയിരുന്നു. സ്വയരക്ഷക്കായി നിരവധി കുട്ടികൾ പാർക്കിലേക്കും സ്കൂളിലേക്കും ഓടിക്കയറി. എന്നാൽ നാലു വിദ്യാർഥികളെ ഇവർ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
ഗൗതം, റെഹാൻ, ഫൈസാൻ, ആയുഷ് എന്നിവർക്കാണ് പരിക്കേറ്റത്. 15 -16 വയസ് പ്രായമുള്ളവരാണ് നാലുപേരും. ഇതിൽ മൂന്നുപേർ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീട്ടിലേക്ക് മടങ്ങി. ഒരാൾ ഡൽഹി എയിംസിൽ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പ്രാഥമിക അന്വേഷണത്തിൽ മറ്റു സ്കൂളുകളിലെ വിദ്യാർഥികളാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.