വ്യാജ ആദായ നികുതി ഓഫിസർ ചമഞ്ഞ നാലുപേർ അറസ്റ്റിൽ
text_fieldsവീരാജ്പേട്ട: കുശാൽ നഗറിനടുത്ത ഗുമ്മനക്കൊല്ലിയിൽ വ്യാജ ആദായ നികുതി ഒഫിസർ ചമഞ്ഞ യുവതികളടക്കം നാലുപേർ അറസ്റ്റിൽ. ആദായ നികുതി ഒഫിസർമാരെന്നു പറഞ്ഞ് സ്ഥലത്തെ ഡോ. പ്രവീൺ എന്നയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയ നാലുപേരെയാണ് കുശാൽ നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. വിരാജ്പേട്ടക്കടുത്ത ബിട്ടങ്കാലയിലെ ടീന നഞ്ചപ്പ (37), ബേത്തുവിലെ കാര്യപ്പ, പൊന്നം പേട്ടയിലെ നീതാ മിളിന്(45), ദേവനഹള്ളിയിലെ ഹരീഷ്(33) എന്നിവരാണ് അ റസ്റ്റിലായത്. ഇന്നോവ കാറിൽ ഗുമ്മനക്കൊല്ലിയിലുള്ള ഡോക്ടറുടെ വീട്ടിലെത്തിയ സംഘം ഇൻകം ടാക്സ് ഓഫിസർമാരാണെന്നും താങ്കളുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം ആംബുലൻസിൽ ഇരുനൂറ് കോടി രൂപ കൊണ്ടു വന്നിട്ടുണ്ടെന്നും പരിശോധന നടത്തണമെന്നുമാണ് ഇവർ പറഞ്ഞത്.
ഒരു മണിക്കൂറോളം വീട്ടിൽ തിരച്ചിൽ നടത്തി. ഒന്നും കിട്ടാതെ വന്നപ്പോൾ പണത്തെക്കുറിച്ച് എല്ലാ രേഖകളും താങ്കളുടെ പക്കൽ ഉണ്ടെന്നും ഒരാഴ്ചക്കകം ബംഗളൂരുവിലുള്ള ഓഫിസിൽ വന്ന് കാണണമെന്നും പറഞ്ഞു മടങ്ങുകയായിരുന്നുവത്രെ. സംശയം തോന്നിയ ഡോക്ടർ രണ്ടു ദിവസം കഴിഞ്ഞ് കുശാൽ നഗർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ബാംഗളൂരുവിലുള്ള ഇൻകംടാക്സ് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത് വ്യാജ തിരച്ചിൽ ആയിരുന്നുവെന്ന് പൊലീസിന് മനസ്സിലായത്. ഇവരെക്കുറിച്ച് അന്വേഷണം ആരംഭിച്ച ജില്ല ക്രൈംബ്രാഞ്ച് ബൈല കൊപ്പയിലെ റിസോർട്ടിൽവെച്ച് നാലുപേരെയും പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.