ലഹരിക്കടത്ത്: പണമിടപാടുകൾ ഓൺലൈൻ വഴി, കഞ്ചാവും എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ
text_fieldsതൊടുപുഴ: നഗരം കേന്ദ്രീകരിച്ച് ലഹരിമരുന്നുകളുടെയും കഞ്ചാവിന്റെയും വിൽപന വ്യാപകമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വലിയതോതിൽ കഞ്ചാവ് നഗരത്തിൽ എത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച മാർക്കറ്റ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തി. കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കളുമായി വെള്ളിയാഴ്ച നാലുപേർ തൊടുപുഴ പൊലീസിന്റെ പിടിയിലായതിന് പിന്നാലെയാണ് പരിശോധനയുമായി പൊലീസ് രംഗത്തിറങ്ങിയത്. അടുത്തിടെ തൊടുപുഴ മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്നും കഞ്ചാവുമായി പിടിയിലാകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
കഞ്ചാവുമായി പിടിക്കപ്പെടുന്നവരിൽ കൂടുതലും ചെറുപ്പക്കാരാണ്. ഇവർ ലഹരിമാഫിയയുടെ കണ്ണികളായാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊലീസ് ഡോഗ് സ്ക്വാഡിന്റെയടക്കം സഹായത്തോടെ പരിശാധന നടത്തിയത്.
ഇത്തരക്കാരെ കണ്ടെത്താൻ സ്പെഷൽ ഡ്രൈവ് തുടങ്ങിയതായും വരും ദിവസങ്ങളിലും നഗരത്തിലും സമീപ പഞ്ചായത്തുകളിലും കർശന പരിശോധന തുടരുമെന്നും പൊലീസ് പറഞ്ഞു.
ഓൺലൈൻ വഴിയുള്ള ഇടപാടുകളാണ് കൂടുതൽ
ഓൺലൈൻ വഴിയുള്ള ഇടപാടുകളാണ് കൂടുതൽ. ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളിലൂടെ തുക കൈമാറിയശേഷം സാധനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം അറിയിക്കും. പണം മുൻകൂർ അടച്ച ആവശ്യക്കാരൻ നേരിട്ടുപോയി ഇവ എടുക്കും. സംഭവത്തിൽ പ്രതികൾ പിടിയിലാകുന്നത് കൂടുതലും വാഹനത്തിൽ കടത്തുന്നതിനിടെയാണ്. സംഭവവുമായി പിടിയിലാകുന്നവരിൽ കൂടുതലും ഇടനിലക്കാരാണ്. തുടർ അന്വേഷണങ്ങളിലും പ്രധാന കണ്ണികൾ പിടിയിലാകാറുമില്ല. നഗരത്തിലും സമീപ പഞ്ചായത്തുകളിലും യുവാക്കളെ ലക്ഷ്യംവെച്ച് കഞ്ചാവും മയക്കുമരുന്നും എത്തിച്ചുനല്‍കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് അതിര്‍ത്തി കടത്തി എത്തിക്കുന്ന മയക്കുമരുന്ന് ചില്ലറ വില്പനക്കാര്ക്ക് എത്തിച്ചുനല്കാന് കാരിയര്‍മാരും സജീവമാണ്. ലഹരിമരുന്നുകള്‍ വില്പനക്കാര്ക്ക് സുരക്ഷിതമായി എത്തിച്ചുനല്‍കുകയാണ് ഇവരുടെ ജോലി. കിലോക്ക് ഒരുകോടിക്കുമേല്‍ വിലമതിക്കുന്ന ഹഷീഷ് ഓയില്‍ ചില്ലറ കച്ചവടക്കാര്‍ ആവശ്യക്കാര്‍ക്കു നല്‍കുന്നത് ഇതിലും പതിന്മടങ്ങ് വിലയ്ക്കാണ്. കഞ്ചാവ് ചെറു പൊതികളാക്കിയാണ് വില്പന. നഗരത്തില്‍ കഞ്ചാവ് കച്ചവടം നടത്തുന്ന സംഘങ്ങള്‍ രാത്രിയോടെ പല മേഖലകളിലും തമ്പടിക്കുന്നു. പൊലീസിന്റെ നിരീക്ഷണം കാര്യമായെത്താത്ത മേഖലകളിലാണ് ഇവരുടെ ഇടപാടുകള്‍.
കഞ്ചാവും എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ
തൊടുപുഴ: കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് കേസിലായി നാലുപേരെ തൊടുപുഴ പൊലീസ് പിടികൂടി. പടി.കോടിക്കുളം വെള്ളംചിറി പന്നത്ത് വീട്ടില്‍ ഷമല്‍ ഹംസ (22), ഐരാമ്പിള്ളി പുത്തന്‍പുരയില്‍ അഭിഷേക് ജിതേഷ് (22), പട്ടയംവല അന്തീനാട്ട് അഫ്സല് നാസര്‍ (22) എന്നിവര്‍ കാറില്‍ ലഹരി ഉൽപന്നങ്ങള് വില്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. ഇവരില്‍നിന്നും 600 ഗ്രാം കഞ്ചാവും 4.5 ഗ്രാം എം.ഡി.എം.എയും പിടികൂടി. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ റോട്ടറി ജങ്ഷന് സമീപത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അടഞ്ഞുകിടന്ന വ്യാപാര സ്ഥാപനത്തിന് മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന കാറില്‍നിന്നാണ് പ്രതികളെയും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്.
പിന്നീട് പട്ടയംകവലയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഫ്സലിന്റെ സഹോദരന് അന്തീനാട്ട് അന്‍സല്‍ നാസറിനെയും (24) പൊലീസ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രതികളില്‍ മൂന്നുപേര്‍ നേരത്തേയും മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മാര്‍ക്കറ്റിലെ സ്ഥാപനത്തില്‍നിന്നും നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി.
തൊടുപുഴ ഡിവൈ.എസ്.പിയുടെ അധികച്ചുമതല വഹിക്കുന്ന നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എ.ജി. ലാലിന്റെ നേതൃത്വത്തില്‍ സി.ഐ വി.സി. വിഷ്ണുകുമാര്‍, എസ്.ഐമാരായ ബിജു ജേക്കബ്, അനില്‍, ഷാജി, എ.എസ്.ഐ ജബ്ബാര്‍, വനിത സി.പി.ഒ റസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.