വ്യാപക ലഹരി വേട്ട; എം.ഡി.എം.എയും കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ
text_fieldsകൊല്ലം: സ്കൂൾ, കോളജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വ്യാപക പരിശോധനകളിൽ ലഹരി ഉൽപന്നങ്ങളുമായി യുവാക്കൾ പിടിയിലായി. കൊല്ലം സിറ്റി പരിധിയിൽ നാലിടങ്ങളിൽനിന്ന് നാലുപേർ കഞ്ചാവും എം.ഡി.എം.എയുമായാണ് പിടിയിലായത്. യുവാക്കൾക്കും വിദ്യാർഥികൾക്കും കഞ്ചാവും ന്യൂജെൻ മയക്കുമരുന്നുകളും വിൽക്കുന്ന സാമൂഹികവിരുദ്ധരെ പിടികൂടുന്നതിന് സിറ്റി പൊലീസ് മേധാവി ടി. നാരായണന്‍റെ നേതൃത്വത്തിൽ നടക്കുന്ന സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായാണ് അറസ്റ്റ്.
പരവൂർ, അഞ്ചാലുംമൂട്, ശക്തികുളങ്ങര, കൊല്ലം ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് യുവാക്കൾ നിരോധിത ഉൽപന്നങ്ങളുമായി പിടിയിലായത്. പരവൂർ നെടുങ്ങോലം സ്കൂളിന് സമീപം സ്കൂൾ വിദ്യാർഥികൾക്കും മറ്റും കഞ്ചാവ് വിൽപന നടത്തിയ നെടുങ്ങോലം തൊടിയിൽ വീട്ടിൽ കിരൺ (കണ്ണൻ -23), ശക്തികുളങ്ങര കന്നിമേൽ പാവൂർ തെക്കതിൽ വീട്ടിൽ സൂരജ് (20), വടക്കേവിള പള്ളിമുക്ക് തേജസ് നഗർ 105ൽ ഹബീബ് (ടോണി, 62) എന്നിവരെ കഞ്ചാവുമായും ശക്തികുളങ്ങര കണിയാൻകട മീനത്ത് ചേരിയിൽ തലക്കോട്ട് തെക്കതിൽ ജോർജ് (മനു, 31) എന്നയാളെ എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായാണ് പിടികൂടിയത്.
അഞ്ചാലുംമൂട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിന്നുമാണ് ജോർജിനെ 400 മില്ലിഗ്രാം എം.ഡി.എം.എയും കഞ്ചാവുമായി പിടികൂടിയത്.
മുഴുവൻ സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെയും നേതൃത്വത്തിൽ അതാതിടങ്ങളിൽ ശക്തമായ പരിശോധനകളാണ് ആരംഭിച്ചത്. നിരന്തരം ലഹരി വ്യാപാരവുമായി ബന്ധപ്പെട്ടിരുന്നവരാണ് പിടിയിലായവർ. അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി. ദേവരാജൻ, പരവൂർ ഇൻസ്പെക്ടർ എ. നിസാർ, കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ രതീഷ് ആർ, ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.