കടയുടമയെ തടഞ്ഞ് പണം കവർന്ന നാലുപേർ അറസ്റ്റിൽ; സമീപ ബേക്കറിയിലെ ജീവനക്കാരൻ കവർച്ചയുടെ ആസൂത്രകനെന്ന് പൊലീസ്
text_fieldsപൊൻകുന്നം: കല്ലറയ്ക്കൽ സ്റ്റോഴ്സ് ഉടമ തച്ചപ്പുഴ കല്ലറയ്ക്കൽ കെ.ജെ. ജോസഫിെൻറ വാഹനം തടഞ്ഞ് പണം കവർന്ന സംഭവത്തിൽ നാലുയുവാക്കൾ അറസ്റ്റിൽ. കഴിഞ്ഞ 17ന് രാത്രി കടയടച്ച് മടങ്ങിയപ്പോൾ തച്ചപ്പുഴ റോഡിൽ പണം തട്ടിയെടുത്ത ചേനപ്പാടി തരകനാട്ടുകുന്ന് പറയരുവീട്ടിൽ അഭിജിത് (25), തമ്പലക്കാട് തൊണ്ടുവേലി കൊന്നയ്ക്കാപറമ്പിൽ ഹരികൃഷ്ണൻ (24), തമ്പലക്കാട് വേമ്പനാട്ട് രാജേഷ് (23), തമ്പലക്കാട് കുളത്തുങ്കൽ മുണ്ടപ്ലാക്കൽ ആൽബിൻ (26) എന്നിവരാണ് അറസ്റ്റിലായത്.
25,000 രൂപയാണ് വാഹനത്തിൽനിന്ന് ഇവർ തട്ടിയെടുത്തത്. ഹോൾസെയിൽ വ്യാപാരിയായതിനാൽ കൂടുതൽ പണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാൽവർസംഘം കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ബിഗ്ഷോപ്പറുമായി പതിവായി വാനിൽ കയറി മടങ്ങുന്ന കടയുടമയെ പലദിവസം നിരീക്ഷിച്ചാണിവർ പദ്ധതി തയാറാക്കിയത്.
അഭിജിത്തിനെ ചേനപ്പാടിയിലെ വീട്ടിൽനിന്നും മറ്റുള്ളവരെ എറണാകുളം ഇടപ്പള്ളിയിലെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് കത്തികളും കവർച്ചക്ക് ഉപയോഗിച്ച ബൈക്കുകളും കണ്ടെടുത്തു. കുറച്ചുപണം ഇവർ ചെലവഴിച്ചു. ഇവർ വീതംവെച്ച ബാക്കി പണവും കണ്ടെത്തി.
പൊൻകുന്നം ടൗണിൽ കല്ലറക്കൽ സ്റ്റോഴ്സിെൻറ സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികളിലൊരാളായ ഹരികൃഷ്ണെൻറ പിതാവിെൻറ പേരിലുള്ള ബൈക്ക് ദൃശ്യങ്ങളിൽ കണ്ടത് തുമ്പായി. പിന്നീട് ഹരികൃഷ്ണെൻറ ഫോൺവിളികൾ നിരീക്ഷണത്തിലായി.
സമീപ ബേക്കറിയിലെ ജീവനക്കാരനായ അഭിജിത്താണ് കവർച്ചയുടെ ആസൂത്രകനെന്ന് പൊലീസ് പറഞ്ഞു. ഇയാൾ അടുത്തിടെ ഇതിന് സമീപം ജ്വല്ലറിയിൽ മുക്കുപണ്ടം പണയംവെച്ച് നടത്തിയ തട്ടിപ്പിൽ സംശയിക്കപ്പെട്ടിരുന്നു. അഭിജിത്തിെൻറ സുഹൃത്ത് ഈ കേസിൽ പിടിയിലാവുകയും ചെയ്തു. അതിനാൽ പുതിയ കേസിൽ അഭിജിത്തിെൻറ ഫോൺവിളികളും നിരീക്ഷണത്തിലായിരുന്നു. മറ്റൊരു പ്രതി രാജേഷ് മുമ്പ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
രണ്ടു ബൈക്കുകളിലായാണ് ഇവർ സംഭവദിവസം വ്യാപാരിയെ പിന്തുടർന്നത്. വാൻ തടഞ്ഞുനിർത്തി ഇവരിലൊരാൾ ഉടുത്തിരുന്ന കൈലിയഴിച്ച് ജോസഫിെൻറ തലയിലിട്ട് മൂടിയതിനുശേഷമാണ് ബാഗ് കൈക്കലാക്കിയത്.
കല്ലറക്കൽ സ്റ്റോഴ്സിന് സമീപത്തെ സ്വർണവ്യാപാരിയെയാണ് പ്രതികൾ പണത്തിനായി ആദ്യം ലക്ഷ്യമിട്ടിരുന്നതെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ പറഞ്ഞു. പ്രതികൾ മിക്കദിവസവും ഇതിന് സമീപം സംഘംചേരാറുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
പൊൻകുന്നം എസ്.എച്ച്.ഒ സജിൻ ലൂയിസ്, എസ്.ഐമാരായ ടി.ജി. രാജേഷ്, ജയകുമാർ, സി.പി.ഒമാരായ റിച്ചാർഡ് സേവ്യർ, സി.എ. ലേഖ, കെ. ബിബിൻ, അനീഷ്കുമാർ എന്നിവരാണ് പ്രതികളെ പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.