ക്രെഡിനെ കബളിപ്പിച്ച് 12.5 കോടി തട്ടി; ബാങ്ക് മാനേജരടക്കം നാല് പേര്‍ അറസ്റ്റില്‍
text_fieldsബംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ക്രെഡിനെ കബളിപ്പിച്ച് 12.5 കോടി തട്ടിയ കേസില്‍ ഗുജറാത്ത് സ്വദേശികളായ നാല് പേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ ആക്‌സിസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍ വൈഭവ് പിട്ടാഡിയ, ഗുജറാത്ത് സ്വദേശികളായ നേഹ ബെന്‍, ശൈലേഷ്, ശുഭം എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിലെ ആക്‌സിസ് ബാങ്കിന്റെ ഇന്ദിരാനഗര്‍ ശാഖയിലുള്ള കമ്പനിയുടെ നോഡല്‍, കറന്റ് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ്, ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിലാസങ്ങളിലേക്കും നമ്പറുകളിലേക്കും അജ്ഞാതരായ ചിലര്‍ കടന്നുകൂടിയതായി കണ്ടെത്തുന്നത്. കമ്പനി അക്കൗണ്ടില്‍നിന്നും 12.51 കോടി ഗുജറാത്തിലെയും രാജസ്ഥാനിലെയും 17 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായും കണ്ടെത്തി.
ആക്‌സിസ് ബാങ്കിന്റെ ബെംഗളുരുവിലെ ഇന്ദിരാനഗര്‍ ശാഖയിലാണ് ക്രെഡിന്റെ പ്രധാന കോര്‍പ്പറേറ്റ് അക്കൗണ്ട് ഉള്ളത്. ഇതിലൂടെ ദിവസവും രണ്ട് കോടിയിലധികം രൂപയുടെ ഇടപാടുകള്‍ നടക്കാറുണ്ട്. മെയിന്‍ അക്കൗണ്ടിന്റെ രണ്ട് കോര്‍പ്പറേറ്റ് സബ് അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് കണ്ടെത്തിയ റിലേഷന്‍ഷിപ്പ് മാനേജറായ വൈഭവ്, ഇതിലേക്കുള്ള യൂസര്‍നെയിമും പാസ്‌വേഡും കിട്ടാനായി കമ്പനി എംഡിയെന്ന പേരില്‍ നേഹ ബെന്നിനെക്കൊണ്ട് അപേക്ഷ നല്‍കിച്ചു. ഇതിനായി ക്രെഡിന്റെ വ്യാജ ലെറ്റര്‍ ഹെഡും ഐഡിയുമുണ്ടാക്കി. ഗുജറാത്തിലെ അങ്കലേശ്വര്‍ ബ്രാഞ്ചിലാണ് നേഹ അപേക്ഷ നല്‍കിയത്.
നേഹ നല്‍കിയ കോര്‍പ്പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ് അപേക്ഷ അംഗീകരിച്ചതോടെ ഇവര്‍ക്ക് കോര്‍പ്പറേറ്റ് സബ് അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ്‌വേഡും കിട്ടി. ഇതുവഴി ക്രെഡിന്റെ മെയിന്‍ അക്കൗണ്ടില്‍ നിന്ന് ചെറിയ തുകകളായി ഇവര്‍ സബ് അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 11 വരെ 17 തവണകളായി ഇവര്‍ 12.5 കോടിയാണ് തട്ടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.