പോക്സോ കേസിൽ നാലുപേർക്ക് കഠിനതടവും പിഴയും
text_fieldsചെറുതോണി: പതിമൂന്നുകാരിയെ രണ്ടാനമ്മയുടെ സഹായത്തോട പീഡനത്തിന് വിധേയമാക്കിയ കേസിൽ 70 കാരനടക്കം നാലു പേർക്ക് കഠിന തടവും പിഴയും. 10 വർഷം മുമ്പ് നടന്ന സഭവത്തിലാണ് വിധി. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി.ജി. വർഗീസ് ആണ് ശിക്ഷ വിധിച്ചത്. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി അവധിക്കാലത്ത് രണ്ടാനമ്മയുടെ വീട്ടിൽ താമസിക്കാനെത്തിയപ്പോൾ, പ്രതികൾ അവരുടെ സഹായത്തോടെ പല ദിവസങ്ങളിലായി പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
ഒറ്റ കേസായിരുന്ന സംഭവം പുനരന്വേഷണം നടത്തി അഞ്ചു വ്യത്യസ്ത കേസുകളാക്കി മാറ്റിയിരുന്നു. ഇതിൽ മൂന്നു കേസിലെ പ്രതികളെയാണ് ശിക്ഷിച്ചത്. ഒന്നാം പ്രതിയും അതിജീവിതയുടെ രണ്ടാനമ്മയുമായ കൊന്നത്തടി വില്ലജിലെ കണ്ണാടിപ്പാറ സ്വദേശിനിയായ 43കാരിയെ രണ്ടു കേസുകളിലായി മൊത്തം 42 വർഷം കഠിന തടവിനും 11,000 രൂപ പിഴ അടക്കാനും വിധിച്ചു. പിഴ ഒടുക്കത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണം.
കേസിലെ മറ്റു പ്രതികളും സഹോദരങ്ങളുമായ അറക്കുളം വില്ലജ് കോഴിപ്പള്ളി ഭാഗത്ത് ചീനിമൂട്ടിൽ വീട്ടിൽ വിനോദ്, മനോജ് എന്നിവർക്ക് 11 വർഷം വീതം കഠിന തടവും 6,000 രൂപ വീതം പിഴയും വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം ഇരുവരും അധിക ശിക്ഷ അനുഭവിക്കണം. മറ്റൊരു പ്രതിയായ കോളപ്ര കിഴക്കുമല ഭാഗം ഒറ്റക്കുറ്റിയിൽ വീട്ടിൽ കുഞ്ഞൻ മകൻ ശിവൻകുട്ടിയെ (70) മൂന്നു വർഷം കഠിന തടവിനും 5000 രൂപ പിഴ ഒടുക്കുന്നതിനും മുമ്പ് വിധിച്ചിരുന്നു. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും കോടതി വിധിച്ചു. കുട്ടിയുടെ പുനരധിവാസത്തിനായി നഷ്ടപരിഹാരത്തുക ഉപയോഗിക്കാനും ജില്ലാ ലീഗൽ സർവിസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.
കുളമാവ് പോലീസ് രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിലും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി. വെറുതെ വിട്ട രണ്ടു പ്രതികൾക്കെതിരെ അപ്പീൽ ഫയൽ ചെയ്യുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.