അഷ്റഫ് വധക്കേസിൽ നാല് ആർ.എസ്.എസ്സുകാർക്ക് ജീവപര്യന്തം തടവ്
text_fieldsതലശ്ശേരി: സി.പി.എം പ്രവർത്തകൻ എരുവട്ടി കോമ്പിലെ സി. അഷ്റഫിനെ വെട്ടിക്കൊന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നാല് ആർ.എസ്.എസ് പ്രവർത്തകർക്ക് ജീവപര്യന്തം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ. ഒന്നുമുതൽ നാലുവരെ പ്രതികളായ എരുവട്ടി പുത്തൻകണ്ടം പ്രനൂബ നിവാസിൽ എം. പ്രനു ബാബു എന്ന കുട്ടൻ (34), മാവിലായി ദാസൻമുക്ക് ആർ.വി നിവാസിൽ ആർ.വി. നിധീഷ് എന്ന ടുട്ടു (36), എരുവട്ടി പാനുണ്ട മണക്കടവത്ത് ഹൗസിൽ വി. ഷിജിൽ എന്ന ഷീജൂട്ടൻ (35), പാനുണ്ട ചക്യത്ത് കാവിനടുത്ത ചിത്രമഠത്തിൽ കെ. ഉജേഷ് എന്ന ഉജി (34), എന്നിവരെയാണ് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി (നാല്) ജഡ്ജി ജെ. വിമൽ ശിക്ഷിച്ചത്. ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ എട്ടുപേർക്കെതിരെയായിരുന്നു കൂത്തുപറമ്പ് പൊലീസ് കോടതിയിൽ കുറ്റപത്രം നൽകിയത്.
പാതിരിയാട് കീഴത്തൂർ കോമത്ത് ഹൗസിൽ എം.ആർ. ശ്രീജിത്ത് എന്ന കൊത്തൻ (39), പാതിരിയാട് കുഴിയിൽപീടിക ബിനീഷ് നിവാസിൽ പി. ബിനീഷ് (48) എന്നിവരെ വെറുതെ വിട്ടു. ഏഴും എട്ടും പ്രതികളായ എരുവട്ടി പുത്തൻകണ്ടം ഷിജിൻ നിവാസിൽ മാറോളി ഷിജിൻ, കണ്ടംകുന്ന് നീർവേലി തട്ടുപറമ്പ് റോഡ് സൗമ്യ നിവാസിൽ എൻ.പി. സുജിത്ത് (29) എന്നിവർ വിചാരണക്കുമുമ്പ് മരിച്ചു.
മത്സ്യവിൽപനക്കിടെ കാപ്പുമ്മൽ-സുബേദാർ റോഡിൽ 2011 മേയ് 19ന് രാവിലെ ഒമ്പതരക്കാണ് കേസിനാധാരമായ സംഭവം. രാഷ്ട്രീയ വിരോധം കാരണം ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ പ്രതികൾ അഷ്റഫിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നും നാലും പ്രതികളായ ഷിജിൽ, ഉജേഷ് എന്നിവർ ‘അവനെ കൊല്ലെടാ’ എന്നുപറഞ്ഞ് ചൂണ്ടിക്കാട്ടുകയും ആറും ഏഴും പ്രതികളായ ബിനീഷ്, ഷിജിൻ എന്നിവർ അഷ്റഫിനെ തടഞ്ഞുനിർത്തുകയും ഒന്നും അഞ്ചും പ്രതികളായ പ്രനുബാബു, എം.ആർ. ശ്രീജിത്ത് എന്നിവർ കത്തിവാൾ കൊണ്ടും രണ്ടാം പ്രതി ആർ.വി. നിധീഷ് മഴു ഉപയോഗിച്ചും വെട്ടിയെന്നുമാണ് കുറ്റപത്രത്തിലുള്ളത്.
ശരീരമാസകലം വെട്ടേറ്റ് ഗുരുതര പരിക്കേറ്റ അഷ്റഫ് കോഴിക്കോട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 21ന് പുലർച്ച 3.50ന് മരിച്ചു. 26 സാക്ഷികളെ പ്രോസിക്യൂഷൻ കോടതിയിൽ വിസ്തരിച്ചു. കൂത്തുപറമ്പ് സി.ഐ ആയിരുന്ന കെ.വി. വേണുഗോപാലനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.കെ. ശ്രീധരൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.