രാസലഹരിയുമായി നാല് യുവാക്കൾ പിടിയിൽ
text_fieldsകൊച്ചി: എറണാകുളം നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിവന്ന സംഘത്തിലെ നാലുപേർ എക്സൈസ് പിടിയിലായി. മട്ടാഞ്ചേരി സേലാംസേട്ട് പറമ്പ് സീനത്ത് മൻസിലിൽ മുഹമ്മദ് ഇർഫാൻ (21), മട്ടാഞ്ചേരി കൽവത്തി പനച്ചിക്കൽ വീട്ടിൽ ആഷിദ് അഫ്സൽ (22), ഇടുക്കി കട്ടപ്പന മുട്ടത്ത് വീട്ടിൽ തോമസ് സാബു (തോമ -25), ഇടുക്കി കാഞ്ചിയാർ നരിയമ്പാറ പുളിക്കമാക്കൽ വീട്ടിൽ അജേഷ് (23) എന്നിവരാണ് എറണാകുളം എൻഫോഴ്സ്മെന്റ് അസി. കമീഷണറുടെ സ്പെഷൽ ആക്ഷൻ ടീമിന്റെ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് ആറ് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ആഡംബര കാറും ബൈക്കും അഞ്ച് സ്മാർട്ട് ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തു. സോഷ്യൽ മീഡിയയിലൂടെ ഗ്രൂപ്പുകൾ ഉണ്ടാക്കി ഇതിലൂടെ ‘ജോമോൻ’ എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു ഇവർ മയക്കുമരുന്ന് കൈമാറ്റം ചെയ്തിരുന്നത്.
മുഹമ്മദ് ഇർഫാൻ, തോമസ് സാബു എന്നിവർ ചേർന്ന് ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് എറണാകുളത്ത് എത്തിച്ചശേഷം ഇവിടെ മുറി വാടകക്കെടുത്ത് ആഷിദിന്റെയും അജേഷിന്റെയും സഹായത്തോടെ നഗരത്തിൽ വിറ്റഴിക്കുകയായിരുന്നു. കാർ റൈഡിങ്, ബൈക്ക് സ്റ്റണ്ടിങ് എന്നിവയിൽ പ്രാവീണ്യമുള്ള ഇവർ ആവശ്യക്കാർക്ക് അവർ പറയുന്ന ലൊക്കേഷനുകളിൽ മയക്കുമരുന്ന് എത്തിച്ചു നൽകും.
മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട് ഏഴു മാസത്തോളം റിമാൻഡിലായിരുന്ന മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഇർഫാൻ ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും മയക്കുമരുന്ന് ഇടപാട് നടത്തുകയായിരുന്നു. രണ്ടാഴ്ച മുമ്പ് സൂപ്പർ ബൈക്കിൽ കറങ്ങി നഗരത്തിൽ മയക്കുമരുന്ന് വില്പന നടത്തിയിരുന്ന ഇവരുടെ തലവനും കൂട്ടാളികളും എക്സൈസ് സ്പെഷൽ ആക്ഷൻ ടീമിന്റെ പിടിയിൽ ആയിരുന്നു.
കൊച്ചി പനമ്പിള്ളി നഗറിൽ മനോരമ ജങ്ഷന് അടുത്ത് മയക്കുമരുന്ന് കൈമാറുന്നതിനായി ആഡംബര കാറിൽ എത്തിയ മുഹമ്മദ് ഇർഫാനെയും തോമസ് സാബുവിനെയും അജേഷിനെയും എക്സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് ഇവരുടെ പങ്കാളിയായ ആഷിദ് അഫ്സലിനെ കലൂർ സ്റ്റേഡിയം ഭാഗത്തുനിന്ന് പിടികൂടി. മാരക ലഹരിയിൽ ആയിരുന്നു ഇവരെ ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് സംഘത്തിന് കീഴ്പ്പെടുത്താനായത്. മയക്കുമരുന്നുകളുടെ ഉറവിടം സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്. സജീവ് കുമാർ, ഇന്റലിജൻസ് പ്രിവന്റിവ് ഓഫിസർ എൻ.ജി. അജിത് കുമാർ, എം.ടി. ഹാരിസ്, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ എൻ.ഡി. ടോമി, സി.ഇ.ഒ ടി.പി. ജയിംസ്, കെ.കെ. മനോജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.