യുവാവിെൻറയും യുവതിയുടെയും ഫോട്ടോ എടുത്ത് പണം തട്ടാൻ ശ്രമിച്ച നാല് യുവാക്കൾ അറസ്റ്റിൽ
text_fieldsനീലേശ്വരം: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും വനിത സുഹൃത്തിനെയും തടഞ്ഞുനിർത്തി മൊബൈലിൽ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച നാലു പേരെ അമ്പലത്തറ സി.ഐ രഞ്ജിത്ത് രവീന്ദ്രനും സംഘവും അറസ്റ്റ് ചെയ്തു. മടിക്കൈ മലപ്പച്ചേരിയിലെ കുഞ്ഞമ്പുവിന്റെ മകൻ പി. രാജീവനെയാണ് (46) നാൽവർ സംഘം പണത്തിനായി ഭീഷണിപ്പെടുത്തിയത്. മടിക്കൈ കാരാക്കോട്ടെ ചിട്ടി രാജൻ, ശരത്, ജിജിത്ത്, സുധീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാജീവനും അയൽവാസിയായ വനിത സുഹൃത്തും കാറിൽ സഞ്ചരിക്കുമ്പോൾ കാരാക്കോട്ട് മൈതാനത്തിനടുത്ത് മറ്റൊരു കാറിൽ പിന്തുടർന്നുവന്ന പ്രതികൾ ഇവരെ തടഞ്ഞുനിർത്തുകയും ഭീഷണിപ്പെടുത്തി ഇരുവരെയും മൊബൈലിൽ ഫോട്ടോ പകർത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. എന്നാൽ, പിന്നീട് രാജീവനെ ഫോണിൽ വിളിച്ച് ഒരു ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ഇരുവരുടെയും ഫോട്ടോകൾ മോർഫ് ചെയ്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഉടൻ രാജീവൻ അമ്പലത്തറ പൊലീസിൽ അറിയിച്ചു.
പിന്നീട് പൊലീസ് നടത്തിയ സമർഥമായ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. പൊലീസിന്റെ നിർദേശപ്രകാരം, സംഘത്തോട് പണം നൽകാൻ തയാറാണെന്ന് അറിയിച്ചു. പ്രതികൾ പറഞ്ഞതുപ്രകാരം, മാവുങ്കാലിൽവെച്ച് പണം നൽകാമെന്നും സമ്മതിച്ചു. ഞാറയാഴ്ച പ്രതികൾ പറഞ്ഞ സ്ഥലത്ത് രാജീവൻ പണവുമായെത്തി. ഇവിടെനിന്ന് പണം കൈമാറുന്നതിനിടയിൽ, രഹസ്യമായി മാറിനിന്ന പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. എസ്.ഐ വിജയകുമാർ, എ.എസ്.ഐ രഘുനാഥ്, സിവിൽ ഓഫിസർമാരായ കലേഷ്, രതീശൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.