മയക്കുമരുന്നും കഞ്ചാവുമായി നാലു യുവാക്കൾ പിടിയിൽ
text_fieldsപയ്യന്നൂർ: തണൽ ഇക്കോ പാർക്കിൽ നടത്തിയ റെയ്ഡിൽ മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. പയ്യന്നൂർ ചിറ്റാരിക്കൊവ്വലിലെ കെ.എ ഹൗസിൽ പി. അബ്ഷാദ് (22), പയ്യന്നൂർ പെരുമ്പയിലെ ഓലക്കൻറകത്ത് വീട്ടിൽ അബ്ദുൽ മുഹൈമിൻ (22) എന്നിവരെയാണ് എക്സൈസ് പയ്യന്നൂർ റേഞ്ച് ഇൻസ്പെക്ടർ എൻ. വൈശാഖിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പാർക്കിൽ എത്തിയത്. ഈ സമയത്താണ് കാറിൽ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായി പ്രതികൾ പിടിയിലാകുന്നത്. 4.450 ഗ്രാം മെത്തഫിറ്റമിൻ എന്ന മാരക മയക്കുമരുന്നാണ് പിടികൂടിയത്. കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
ഇതിൽ പിടിയിലായ അബ്ഷാദ് പയ്യന്നൂർ മേഖലയിലെ കഞ്ചാവ് വിൽപ്പനക്കാരൻകൂടിയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കഴിഞ്ഞമാസം ചിറ്റാരിക്കൊവ്വൽ ഭാഗത്തുനിന്നും പിടികൂടിയ കഞ്ചാവ് കേസിനെത്തുടർന്ന് നടത്തിയ രഹസ്യ അന്വേഷണത്തിനിടയിലാണ് പ്രതികളായ ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മറ്റൊരു സംഭവത്തിൽ ബൈക്കിൽനിന്ന് കഞ്ചാവും പുകയില ഉൽപന്നങ്ങളും പിടികൂടി. വഴിയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോകാനൊരുങ്ങിയ ബൈക്ക് യാത്രക്കാരെ നാട്ടുകാർ ഓടിക്കൂടി പിടികൂടിയപ്പോഴാണ് ബൈക്കിൽ ഒളിപ്പിച്ച കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങളും കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബൈക്ക് യാത്രക്കാരെ അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 9.45ഓടെ ദേശീയപാതയിൽ കണ്ടോത്ത് അറക്ക് സമീപത്താണ് സംഭവം. കാസർകോട് ബേള കടമ്പളയിലെ പുഞ്ഞാർ ഹൗസിൽ മുഹമ്മദ് ഹാരിഫ് (26), കാസർകോട് തെരുവത്ത് സിറാമിക്സ് റോഡിലെ ബാദുഷ ( 22) എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ ടി. വിജീഷ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 100 ഗ്രാം കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങളുമാണ് പിടികൂടിയത്. ഇരുവരും ബൈക്കിൽ കാസർകോട് ഭാഗത്തുനിന്നും പയ്യന്നൂരിലേക്ക് വരുകയായിരുന്നു. ഇതിനിടയിലാണ് കണ്ടോത്ത് അറക്ക് സമീപംവെച്ച് വഴിയാത്രക്കാരനായ വെള്ളൂർ സ്വദേശി റിജുവിനെ (38) ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ റിജുവിന് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.