കെ.എസ്.ഇ.ബിയുടെ പേരിൽ വാട്സ്ആപ് വഴി തട്ടിപ്പിന് ശ്രമം
text_fieldsചെങ്ങന്നൂർ: വൈദ്യുതി വകുപ്പിന്റെ പേരിൽ വാട്സ്ആപ് വഴിയും തട്ടിപ്പ്. അടക്കാനില്ലാത്ത ബില്ലിന്റെ പേരിൽ സന്ദേശമയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ബിൽ അടക്കാനുണ്ടെന്ന പേരിൽ ഒരു സന്ദേശം വാട്സ്ആപ്പിൽ വരും. ശേഷം അതിലൂടെ നിങ്ങൾ മുമ്പ് അടച്ച കറന്റ് ബില്ലിന്റെ ഫോട്ടോ അയച്ചുകൊടുക്കാൻ ആവശ്യപ്പെടും. ഇങ്ങനെയാണ് ഇത്തരക്കാർ ഈ തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം തിരുവൻവണ്ടൂർ പ്രകാശ് ഭവനിൽ അഡ്വ. എ.വി. അരുൺപ്രകാശിന് ഇത്തരത്തിൽ സന്ദേശം വന്നിരുന്നു.
അരുൺപ്രകാശ് കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ അടച്ചില്ലെന്നും അതുകൊണ്ട് ഇന്ന് രാത്രിതന്നെ നിങ്ങളുടെ വൈദ്യുതി കണക്ഷൻ കട്ട് ചെയ്യുമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.
അതുകൊണ്ട് നിങ്ങളുടെ മുമ്പ് അടച്ച വൈദ്യുതി ബില്ലിന്റെ സ്ക്രീൻഷോട്ട് താഴെ തന്നിരിക്കുന്ന നമ്പറിൽ വാട്സ്ആപ് ചെയ്യണമെന്നും ഈ വ്യാജ സന്ദേശത്തിൽ പറയുന്നുണ്ട്. ഇക്കാര്യം മറ്റൊരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും ഇത്തരത്തിലൊരു സന്ദേശം വന്നിരുന്നുവെന്നും ഇത് തട്ടിപ്പാണെന്നും അറിയിച്ചു. എന്നാൽ, തൊട്ടുപിന്നാലെ വീണ്ടും ഫോൺകാളെത്തി. കെ.എസ്.ഇ.ബിയുടെ സെർവർ തകരാറായതിനാൽ ഇലക്ട്രിസിറ്റി ബോർഡിന്റെ സൈറ്റിൽനിന്നും ഡീറ്റെയിൽസ് നഷ്ടപ്പെട്ടെന്നും അതുകൊണ്ട് മുമ്പ് അടച്ച വൈദ്യുതി ബില്ലിന്റെ സ്ക്രീൻഷോട്ട് മുകളിൽ പറഞ്ഞ നമ്പറിൽ അയക്കണമെന്നും പറഞ്ഞ് കാൾ കട്ടായി.
സംശയം തോന്നിയ കല്ലിശ്ശേരിയിലെ സെക്ഷൻ ഓഫിസുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ അത്തരത്തിലുള്ള ഒരുവിധ പ്രശ്നമില്ലെന്നു വിശദീകരിച്ചു. സമാനമായ സംഭവങ്ങൾ പത്തനംതിട്ട ജില്ലയിലെ നിരവധി ആളുകൾക്കുണ്ടായിട്ടുണ്ടെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകണമെന്നാവശ്യപ്പെട്ടു. എന്നാൽ, ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അരുൺപ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.