കടകളിൽനിന്ന് സാധനം വാങ്ങി പണം നൽകാതെ തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ
text_fieldsകൊച്ചി: കടകളിൽ കയറി സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ ഒൺലൈൻ ട്രാൻസാക്ഷൻ വഴി നൽകാം എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതികൾ അറസ്റ്റിലായി.
കൂത്താട്ടുകുളം മണ്ണത്തൂർ തറെകുടിയിൽ വീട്ടിൽ നിമിൽ ജോർജ് (22) പിറവം ഓണശ്ശേരിയിൽ ബിട്ടോ ബാബു (21), പിറവം മുളക്കുളം കുന്നേൽ വീട്ടിൽ ശ്രീഹരി (23) എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. സാധനങ്ങൾ വാങ്ങിയ ശേഷം ഇവർ കൈയിലുള്ള എമറാൾഡ് ക്രെഡിറ്റ് കാർഡ് സ്ഥാപനത്തിൽ കൊടുക്കും. കാർഡുകൾക്ക് സാങ്കേതിക പ്രശ്നം കാണിക്കുമ്പോൾ ഇവർ നെഫ്റ്റ് വഴി പണം അയക്കാം എന്ന് പറയും.
കടയിൽനിന്ന് അക്കൗണ്ട് വിവരങ്ങൾ വാങ്ങുകയും നേരത്തേ സെറ്റ് ചെയ്ത ആപ്ലിക്കേഷൻ വഴി ട്രാൻസാക്ഷൻ പൂർത്തിയായതായ സന്ദേശം കാണിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. പിന്നീടാണ് അക്കൗണ്ടിൽ പണം കയറിയിട്ടില്ലെന്ന് ജീവനക്കാർ അറിയുന്നത്. നഗരത്തിലെ പ്രമുഖ ബ്രാൻഡ് ഷോപ്പുകൾ, വാച്ച് സെന്‍റർ, മൊബൈൽ ഷോപ്പുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ്. കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർ എസ്. ശശിധരന്‍റെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ അസിസ്റ്റന്‍റ് കമീഷണർ ജയകുമാർ, ഇൻസ്പെക്ടർ എസ്. വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സമാന കേസുകളിലും ഇവർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.