ഓണ്‍ലൈനായി പൈസ അടച്ചെന്ന വ്യാജേന തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്
text_fieldsമരട്: നെട്ടൂരിലെ വസ്ത്രവില്‍പനശാലയില്‍ ഓണ്‍ലൈനായി പൈസ അടച്ചെന്ന വ്യാജേന തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയതായി പരാതി. കുണ്ടന്നൂര്‍ മേല്‍പാലത്തിന് സമീപം 'റോസ് പെറ്റല്‍സ്' സ്ഥാപനത്തിലായിരുന്നു സംഭവം. മുന്‍പരിചയം ഇല്ലാത്ത ഒരാള്‍ സ്ഥാപനത്തില്‍ വരുകയും 3000 രൂപവരുന്ന വസ്ത്രങ്ങള്‍ എടുക്കുകയും ഫോണ്‍പേയിലൂടെ പേമെന്‍റ് നടത്തിയതായി കടയുടമയെ കാണിക്കുകയും ചെയ്തു.
എന്നാല്‍, പൈസ അയച്ചിട്ടും മെസേജ് വന്നിരുന്നില്ല. കടയിലെ നെറ്റ്വര്‍ക്ക് തകരാറായിരിക്കാം കാരണമെന്ന് കടയുടമ വിചാരിച്ചു. പൈസ വന്നില്ലെങ്കിൽ ഈ നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നുപറഞ്ഞ് ഫോണ്‍ നമ്പറും നല്‍കി പോയി. ഒരുമണിക്കൂര്‍ കഴിഞ്ഞും മെസേജ് വരാത്തതിനാല്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ചതി മനസ്സിലായത്. ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ആ നമ്പര്‍ കണ്ണൂരിലെ ഒരു വിദ്യാര്‍ഥിയുടേതാണെന്ന് മനസ്സിലായി. സ്ഥാപനത്തില്‍ കയറിയത് മുതല്‍ പ്രതി ഹെല്‍മെറ്റ് തലയില്‍നിന്ന് മാറ്റിയിരുന്നില്ല.
സി.സി ടി.വി ദൃശ്യങ്ങളടക്കം പനങ്ങാട് പൊലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തു. അടുത്ത കാലത്തായി വിവിധ രൂപത്തിലുള്ള മോഷണങ്ങളുമായി സാമൂഹിക വിരുദ്ധര്‍ നെട്ടൂരില്‍ സജീവമാണെന്നും പൊലീസിന്റെ പട്രോളിങ് ഊര്‍ജിതമാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നെട്ടൂര്‍ യൂനിറ്റ് പ്രസിഡന്‍റ് കെ.എസ്. നിഷാദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.