എഫ്.സി.ഐയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പിരിച്ചെടുത്തത് കോടികൾ തസ്തിക ഒന്നിന് 20 ലക്ഷം വരെ
text_fieldsചെങ്ങന്നൂർ: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിലും (എഫ്.സി.ഐ) റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ മുഖ്യസൂത്രധാരൻ ലെനിൻ മാത്യുവിനെതിരെ വിവിധ സ്ഥലങ്ങളിൽ വേറെയും കേസുകൾ. കഴിഞ്ഞദിവസം തിരുച്ചിറപ്പള്ളിയിൽനിന്ന് അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിലാണ്. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം എട്ട് കേസിലായി 1.6 കോടി രൂപയുടെ തട്ടിപ്പ് വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നത്. എറണാകുളം ജില്ലയിൽ രണ്ട് കേസുണ്ട്. 10 കോടിയിലേറെ രൂപ ഇത്തരത്തിൽ തട്ടിയതായാണ് നിഗമനം. മലേഷ്യയിലേക്ക് കടക്കാൻ ശ്രമിക്കവെ കേസിലെ രണ്ടാംപ്രതിയായ ലെനിനെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽനിന്നാണ് പിടികൂടിയത്.
ചെങ്ങന്നൂർ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നതാണ് പ്രതിക്ക് വിനയായത്. പന്തളം കുരമ്പാല മുട്ടം നടക്കാവ് പുത്തൻവീട്ടിൽ ലെനിൻ എറണാകുളം വൈറ്റിലയിലാണ് കഴിഞ്ഞിരുന്നത്. ആധാർ, പാൻകാർഡ്, പാസ്പോർട്ട് എന്നിവ വ്യത്യസ്ത വിലാസങ്ങളിലാണ്. തട്ടിപ്പിന് ശേഷം പ്രതി ബംഗളൂരുവിലേക്ക് കടന്നിരുന്നു. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ആറ് പ്രതികളുള്ള കേസിൽ ഒന്നാം പ്രതി ബി.ജെ.പി മുൻ പഞ്ചായത്ത് അംഗം കാരക്കാട് മലയിൽ സനു എൻ. നായർ (48), ബുധനൂർ താഴുവേലിൽ രാജേഷ് കുമാർ (38) എന്നിവർ ജൂലൈയിൽ പൊലീസിൽ കീഴടങ്ങിയിരുന്നു. മൂന്ന് പ്രതികൾകൂടി പിടിയിലാകാനുണ്ട്.
ലെനിൻ മാത്യു എഫ്.സി.ഐ കൺസൾട്ടേറ്റിവ് കമ്മിറ്റി നോൺ ഒഫീഷ്യൽ അംഗമായി 2020 ഡിസംബർ വരെ പ്രവർത്തിച്ചിരുന്നു. അനധികൃതമായി എഫ്.സി.ഐ മെംബർ എന്ന ബോർഡ് വാഹനത്തിന് മുന്നിൽ സ്ഥാപിച്ചാണ് ഉദ്യോഗാർഥികളെ കബളിപ്പിച്ചത്. സൗത്ത് വെസ്റ്റ് റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റിവ് കമ്മിറ്റി അംഗവുമായിരുന്നു.
നിലവിൽ ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി) എറണാകുളം ജില്ല പ്രസിഡൻറാണെന്ന് പൊലീസ് പറഞ്ഞു. എഫ്.സി.ഐയിൽ വിവിധ തസ്തികകളിൽ നിയമനം വാഗ്ദാനം ചെയ്ത് 12 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ ഉദ്യോഗാർഥികളിൽനിന്ന് വാങ്ങിയതായി പൊലീസ് പറയുന്നു. വിശ്വാസം ജനിപ്പിക്കാനായി ബംഗളൂരു, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ വ്യാജ അഭിമുഖവും വൈദ്യപരിശോധനയും വരെ നടത്തിയിരുന്നു. നിയമന അറിയിപ്പ് ലഭിക്കാതെ വന്നപ്പോഴാണ് ഉദ്യോഗാർഥികളിൽ ചിലർ പൊലീസിൽ പരാതി നൽകിയത്.
ജില്ല പൊലീസ് മേധാവി ജി. ജയദേവിെൻറ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ. ജോസ്, ഇൻസ്പെക്ടർ ജോസ് മാത്യു എന്നിവരുടെ കീഴിൽ പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.