പൂജയുടെ മറവിൽ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ
text_fieldsനിലമ്പൂർ: പ്രത്യേക പൂജ നടത്തി സ്വർണനിധി എടുത്തുനൽകാമെന്നും ജാതകത്തിലെ ചൊവ്വാദോഷം മാറ്റി നൽകാമെന്നും പറഞ്ഞ് ലക്ഷങ്ങളുടെ സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയയാൾ ഒമ്പതുമാസത്തിനുശേഷം പിടിയിൽ. വയനാട് ലക്കിടി അറമല സ്വദേശിയായ കൂപ്ലിക്കാട്ടിൽ രമേശാണ് (36) പിടിയിലായത്. രമേശൻ നമ്പൂതിരി, രമേശൻ സ്വാമി, സണ്ണി എന്നീ പേരുകളിൽ പത്രപരസ്യം നൽകിയും മറ്റുമാണ് തട്ടിപ്പ് നടത്തിയത്. കൊല്ലം പുനലൂർ കുന്നിക്കോട്ടെ വാടക വീട്ടിൽ നിന്നാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനുവും സംഘവും ഇയാളെ അറസ്റ്റ് ചെയതത്.
വണ്ടൂർ സ്വദേശിനിയായ യുവതിയിൽനിന്ന് ചൊവ്വാദോഷം അകറ്റി വിവാഹം ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞ് 1,10,000 രൂപ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്. വയനാട് ജില്ലയിലും പ്രതി സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഭർത്താവും രണ്ട് കുട്ടികളുമുള്ള കോഴിക്കോട് സ്വദേശിനിയുമായി പ്രണയത്തിലായ ഇയാൾ യുവതിക്കൊപ്പം കൽപ്പറ്റ മണിയൻകോട് ക്ഷേത്രത്തിന് സമീപവും തട്ടിപ്പുമായി കഴിഞ്ഞു. ഇവർക്ക് രണ്ട് പെൺകുട്ടികളായ ശേഷം അവരെ ഉപേക്ഷിച്ച് ഭർത്താവും രണ്ട് കുട്ടികളുമുള്ള വയനാട് കോറോമിലെ മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ഇവർക്കൊപ്പം കൊല്ലം പുനലൂരിൽ ആഡംബര ജീവിതം നയിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. വയനാട് മണിയങ്കോട് സ്വദേശിനിയിൽനിന്ന് അഞ്ച് പവെൻറ സ്വർണാഭരണവും മീനങ്ങാടി സ്വദേശിനിയിൽനിന്ന് എട്ടുപവെൻറ സ്വർണാഭരണവും തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. മണിയങ്കോട് സ്വദേശി സന്തോഷിൽനിന്ന് ഒരുലക്ഷം രൂപ കൈക്കലാക്കുകയും നിധി കുഴിച്ചെടുക്കാനെന്ന പേരിൽ വീടിനു ചുറ്റും ആഴത്തിൽ കുഴികളെടുത്ത് വീടും പരിസരവും വാസയോഗ്യമല്ലാതാക്കുകയും ചെയ്തതായി കേസുണ്ട്.
നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ എം. അസൈനാർ, എസ്.സി.പി.ഒമാരായ മുഹമ്മദാലി, സഞ്ചു, സി.പി.ഒമാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എം. കൃഷ്ണദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.