അംഗപരിമിതരെയും വയോധികരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങൾ
text_fieldsകറുകച്ചാൽ: പ്രായമായവരെയും അംഗപരിമിതരെയും ലോട്ടറി വിൽപനക്കാരെയും ലക്ഷ്യമാക്കിയുമുള്ള തട്ടിപ്പ് പതിവാകുന്നു. നെടുംകുന്നം, കറുകച്ചാൽ മേഖലയിലാണ് തട്ടിപ്പ് വ്യാപകമായത്. തിങ്കഴാഴ്ച നെടുംകുന്നം സ്വദേശിയായ പത്മകുമാരിയുടെ (61) ഒന്നര പവന്റെ മാലയാണ് ബൈക്കിലെത്തിയ യുവാക്കൾ തട്ടിയെടുത്ത് മുങ്ങിയത്. സൊസൈറ്റിയിൽ പാൽ കൊടുത്ത ശേഷം വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പത്മകുമാരിയെ പിന്തുടർന്നെത്തിയ സംഘം മാലയും പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
മൂന്നാഴ്ച മുമ്പാണ് നെടുംകുന്നം കന്നാലിപ്പടിയിൽ മാടക്കട നടത്തുന്ന തെക്കേക്കര പൂണാറ്റ് കുഞ്ഞുകുട്ടന്റെ 4000 രൂപ വ്യാജനോട്ട് നൽകി തട്ടിയെടുത്തത്. പ്രതിയെ പിന്നീട് കാഞ്ഞിരപ്പള്ളിയിൽനിന്ന് പിടികൂടി. കറുകച്ചാൽ-നെടുംകുന്നം മേഖല കേന്ദ്രീകരിച്ച് ഇത്തരത്തിൽ തട്ടിപ്പ് തുടങ്ങിയിട്ട് ഏറെക്കാലമായി. ലോട്ടറി കച്ചവടക്കാർ, പ്രായമുള്ള വ്യാപാരികൾ, വീട്ടമ്മമാർ തുടങ്ങിയവരാണ് ഇരയാകുന്നത്. നിരവധി കേസുകളാണ് കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എന്നാൽ, നാമമാത്രമായ കേസുകളിൽ മാത്രമാണ് പ്രതികൾ അറസ്റ്റിലാകുന്നത്. ലോട്ടറിക്കച്ചവടക്കാരാണ് ഏറ്റവുമധികം തട്ടിപ്പിന് ഇരയാകുന്നത്. ടിക്കറ്റിന്റെ നമ്പറുകൾ തിരുത്തി പണം തട്ടിയെടുക്കുക, ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്ത ശേഷം രക്ഷപ്പെടുക തുടങ്ങിയ സംഭവങ്ങൾ പതിവാണ്. ഒരുമാസം മുമ്പ് നെടുംകുന്നം മനക്കര സ്വദേശിയായ ലോട്ടറി കച്ചവടക്കാരനെയും ഇത്തരത്തിൽ 2000 രൂപയുടെ വ്യാജനോട്ട് നൽകി കബളിപ്പിച്ചിരുന്നു.
കഴിഞ്ഞമാസം ചാമംപതാലിലും ടിക്കറ്റിന്റെ നമ്പറുകൾ തിരുത്തി ലോട്ടറി കച്ചവടക്കാരനിൽനിന്ന് 5000 രൂപ തട്ടിയെടുത്തിരുന്നു. നെത്തല്ലൂരിലും മാന്തുരുത്തിയിലും പ്രായമുള്ള ലോട്ടറി വിൽപനക്കാരിൽനിന്ന് ടിക്കറ്റുകൾ തട്ടിയെടുത്ത സംഭവുണ്ടായി.
സമീപകാലത്താണ് മാണികുളത്തിന് സമീപം റോഡരിൽ ലോട്ടറി വിൽക്കുന്ന ഭിന്നശേഷിക്കാരനായ യുവാവിന്റെ ലോട്ടറിയും പണവുമടങ്ങിയ ബാഗ് തട്ടിയെടുത്തത്. രണ്ടാഴ്ച മുമ്പ് കറുകച്ചാൽ ഗുരുമന്ദിരത്തിന് സമീപം നാരങ്ങ കച്ചവടം നടത്തുന്ന വ്യാപാരിയുടെ 18,000 രൂപ കട അടക്കുന്നതിനിടെ തട്ടിയെടുത്തിരുന്നു. പരാതി നൽകിയിട്ടും പ്രതിയെ കണ്ടെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.