മുക്കുപണ്ട പണയ തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
text_fieldsതളിപ്പറമ്പ്: പഞ്ചാബ് നാഷനൽ ബാങ്ക് തളിപ്പറമ്പ് ശാഖയിലെ മുക്കുപണ്ട പണയ തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തളിപ്പറമ്പ് മെയിൻ റോഡിലെ വി.വി. കുഞ്ഞിരാമൻ ജ്വല്ലറി ഉടമ തൃച്ചംബരത്തെ വാണിയം വളപ്പില്‍ വി.വി. രാജേന്ദ്രന് (62), ഞാറ്റുവയലിലെ കുഞ്ഞിപ്പുരയില്‍ കെ.പി. വസന്തരാജ് (45) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ് കുമാർ അറസ്റ്റുചെയ്തത്. രാജേന്ദ്രന് നാല് ഇടപാടിലൂടെ 10,40,000 രൂപയും വസന്തരാജ് രണ്ട് ഇടപാടിലൂടെ എഴ് ലക്ഷം രൂപയുമാണ് തട്ടിയതെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ് അഞ്ചിനാണ് അരക്കോടിയോളം രൂപയുടെ തട്ടിപ്പ് പുറത്തായത്.
തളിപ്പറമ്പ് ശാഖയിൽ നേരത്തെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 31 അക്കൗണ്ടുകളിൽ നിന്നായി 50 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. ബാങ്ക്, പരിശോധന പൂർത്തിയാക്കി പരാതി നൽകുമ്പോഴേക്കും സംഭവത്തിൽ ആരോപണ വിധേയനായ ബാങ്കിലെ അപ്രൈസർ രമേശനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തുടർന്നാണ് ബാങ്ക് മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ, പൊലീസ് ഇൻസ്പെക്ടർ എ.വി. ദിനേശൻ എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ പി.സി. സഞ്ജയ്കുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ഒരുമാസം നീണ്ട പരിശോധനയാണ് ബാങ്കിൽ പൊലീസ് നടത്തിയത്. തുടർന്ന് 31 അക്കൗണ്ടുകളിലായി കണ്ടെത്തിയ മുക്കുപണ്ടം കസ്റ്റഡിയിലെടുക്കുകയും ബാങ്കിലെ ഉദ്യോഗസ്ഥരെയും വ്യാജ സ്വർണം പണയംവെച്ചവരെയും അടക്കം ചോദ്യം ചെയ്യുകയും ചെയ്തു.
സംഭവത്തിന് ഉന്നതതല റാക്കറ്റുമായി ബന്ധമുണ്ടെന്നും മറ്റു പ്രതികൾക്കായി അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി. വൈകീട്ടോടെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.