സഹകരണ ബാങ്കിലെ തട്ടിപ്പ്: ഭരണസമിതി അംഗങ്ങളും ജീവനക്കാരും പണം തിരിച്ചടക്കണമെന്ന് സഹകരണ വകുപ്പ്
text_fieldsവടശേരിക്കര: കുമ്പളാംപൊയ്ക സർവിസ് സഹകരണ ബാങ്കിന്റെ തലച്ചിറ ശാഖയിൽനിന്ന് അഞ്ചുകോടി രൂപ തട്ടിപ്പ് നടത്തിയ കേസിൽ പിന്നാക്ക ക്രിസ്ത്യൻ വികസന കോർപറേഷൻ മുൻ ചെയർമാൻ മത്തായി ചാക്കോ, സി.പി.എം ജില്ല കമ്മിറ്റി അംഗം കോമളം അനിരുദ്ധൻ എന്നിവരടക്കം 11 പേർ പണം തിരിച്ചടക്കണമെന്ന് കാട്ടി സഹകരണ വകുപ്പ് നോട്ടീസ് നൽകി.
9.63 കോടി രൂപ തിരിച്ചടക്കാനാണ് നോട്ടീസ്. ബാങ്ക് ജീവനക്കാരനും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പ്രവീൺ പ്രഭാകർ, തട്ടിപ്പുകാലത്ത് ബാങ്ക് ഭരണസമിതി അംഗങ്ങളായിരുന്ന ഒ.എൻ. യശോധരൻ, വിജയമോഹനൻ, പി.എസ്. കോശി, ജയപ്രകാശ്, ആനന്ദൻ, കെ.വി. സജി, സെക്രട്ടറിയായിരുന്ന ജെയ്സമ്മ, ജീവനക്കാരനായിരുന്ന ജോസ് എന്നിവർക്കുമാണ് സഹകരണ വകുപ്പ് നോട്ടീസ് നൽകിയത്.
ഏറെ വിവാദമായ കുമ്പളാംപൊയ്ക സഹകരണ ബാങ്ക് തട്ടിപ്പിനെത്തുടർന്ന് സഹകരണ വകുപ്പ് ബാങ്കിൽ 2018 ൽ തന്നെ പരിശോധന നടത്തിയിരുന്നു.
ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ പ്രവീൺ പ്രഭാകർ ഒമ്പതുകോടി രൂപ തിരിച്ചടക്കണമെന്നാണ് സഹകരണ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറക്കാലം ബാങ്ക് പ്രസിഡന്റും കോർപറേഷൻ ചെയർമാനുമായിരുന്ന മത്തായി ചാക്കോ 36 ലക്ഷം രൂപയും മറ്റുള്ളവർ രണ്ടുലക്ഷം രൂപ വീതവും തിരിച്ചടക്കണമെന്നാണ് നിർദേശം. പണമിടപാടുകളിൽ കൃത്രിമം കാട്ടിയതായും ലോക്കറിൽനിന്ന് പണം നഷ്ടപ്പെട്ടെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു.
തട്ടിപ്പ് തിരിച്ചറിഞ്ഞകാലത്തുതന്നെ പാർട്ടി പ്രാദേശിക നേതൃത്വം ജില്ല കമ്മിറ്റിക്കും സഹകരണ വകുപ്പിനും പരാതി നൽകിയെങ്കിലും സംഭവം മൂടിവെക്കപ്പെട്ടു.
തട്ടിപ്പ് വിവാദമാകുകയും പാർട്ടിയിലെ വിമതർ സംഘടിക്കുകയും ചെയ്തതോടെ മത്തായി ചാക്കോയെ മാറ്റി ഭരണസമിതിയിലെ വിനോദ് കോശിയെ പ്രസിഡന്റാക്കുകയും ചെയ്തു. ഇതിനുപിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണവും പാർട്ടിതല അന്വേഷണവും ഒക്കെ നടക്കുകയും പലർക്കും സ്ഥാനമാനങ്ങളും പദവിയുമൊക്കെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.