ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: മട്ടാഞ്ചേരി സ്വദേശി അറസ്റ്റിൽ
text_fieldsമട്ടാഞ്ചേരി: ഐ.ആർ.എസ്, കസ്റ്റംസ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജ ഐ.ഡി കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. മട്ടാഞ്ചേരിയിൽ കപ്പലണ്ടിമുക്ക് സ്വദേശി കൃപേഷ് മല്യയെയാണ് (41) മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ പി.ബി. കിരണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ആനവാതിലിന് സമീപം വാടകവീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. വ്യാജ ഐ.ഡി ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളുടെ താമസസ്ഥലത്ത് പരിശോധന നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിവിധ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളുടെ പേരിലുള്ള സീലുകൾ, വ്യാജ ഐ.ഡി കാർഡുകൾ, പാസ്പോർട്ടുകൾ, ടാഗുകൾ, ചെക്ക് ബുക്കുകൾ, മൊബൈൽ ഫോണുകൾ, എ.ടി.എം കാർഡുകൾ, ലൈസൻസുകൾ, വയർലെസ് സെറ്റുകൾ, ബീക്കൺ ലൈറ്റ്, ഐ.ആർ.എസ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ യൂനിഫോമുകൾ, കൂടാതെ ലഹരി ഗുളികകൾ, കഞ്ചാവ് എന്നിവയും കണ്ടെടുത്തു.
മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എ. ഷിബിൻ, എസ്.ഐമാരായ ജിമ്മി ജോസ്, മധുസൂദനൻ, അരുൺകുമാർ, സത്യൻ, എ.എസ്.ഐ സമദ്, സീനിയർ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എഡ്വിൻ റോസ്, റെജിമോൻ, സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്, ബേബിലാൽ, അനീഷ്, ഉമേഷ് ഉദയൻ, അരുൺ ഭാസി, ജോജി ജോസഫ്, മിനി, ശാലിനി, സ്മിനീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.